Areeplavan Finance: നൂറുകണക്കിന് സ്ത്രീകളെ ചെക്കുകേസില്‍ കുടുക്കിയ അനധികൃത ധനകാര്യസ്ഥാപനത്തിന് പൂട്ടുവീണു

അമിത പലിശ ഈടാക്കി നൂറുകണക്കിന് സ്ത്രീകളെ ചെക്കുകേസില്‍ കുടുക്കിയ അനധികൃത ധനകാര്യസ്ഥാപനത്തിന് ഒടുവില്‍ പൂട്ടുവീണു. ഇടുക്കി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന അരീപ്ലാവന്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദ് ചെയ്തത്.

ജില്ലാ ജി.എസ്.ടി ഓഫീസ് ഡെപ്യൂട്ടി കമ്മീഷണറുടേതാണ് നടപടി. സ്ഥാപനമുടമ സിബി തോമസിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെ ചെക്ക്കേസ് നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ധനകാര്യസ്ഥാപനമുടമയാണ് കുളമാവ് പോലീസിന്റെ പിടിയിലായത്.

തൊടുപുഴ മുട്ടം പ്രദേശങ്ങളിലെ അതിസാധാരണക്കാരായ അഞ്ഞൂറിലധികം സ്ത്രീകളാണ് കബളിപ്പിക്കപ്പെട്ടവര്‍. ഇയാളില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയ ശേഷം കേസുകളില്‍ പെട്ട സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

5000 മുതല്‍ 10000 രൂപ വരെ വായ്പ യെടുത്തവര്‍ക്കെതിരെ 10 ലക്ഷം തിരികെ ആവശ്യപ്പെട്ടാണ് പ്രതിയായ സിബി തോമസ് കേസ് നല്‍കിയിരുന്നത്. പലിശയ്ക്ക് പണം വാങ്ങിയവര്‍ മൂന്നിരട്ടി തിരിച്ചു നല്‍കിയെങ്കിലും ചെക്ക് മടക്കി കേസ് കൊടുക്കുകയായിരുന്നു ഇയാളുടെ രീതി.

പണം വാങ്ങിയത് പുരുഷന്‍മാരാണെങ്കിലും കേസ് കൊടുക്കുന്നത് സ്ത്രീകള്‍ക്കെതിരെയായിരിക്കും. തിരിച്ചടയ്ക്കുന്ന തുകയ്ക്ക് രസീതോ മറ്റ് രേഖകളോ നല്‍കാറില്ല.

ഇയാളില്‍ നിന്നും പണം വാങ്ങിയവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരായ നിര്‍ധനരും. പലിശയ്ക്ക് പണം നല്‍കുന്ന സ്ഥാപനമെന്ന നിലയില്‍ നിയമപരമായ നടപടിക്രമങ്ങള്‍ ഇയാള്‍ പാലിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതോടൊപ്പം സാമ്പത്തികസ്രോതസുകളിലും പ്രശ്നങ്ങളുണ്ട്.

പണം വായ്പയെടുത്ത സ്ത്രീയെ ഭീഷണിപ്പെടുത്തി ബതാത്സംഗം ചെയ്തുവെന്ന കേസിലും, വിദേശത്തുള്ളയാളുടെ വ്യാജച്ചെക്ക് കോടതിയില്‍ ഹാജരാക്കിയ കേസിലും ഇയാള്‍ പ്രതിയാണ്. കൂടുതല്‍ കേസുകളില്‍ അറസ്റ്റുണ്ടാകുമെന്നും പ്രതിയുടെ പേരില്‍ കാപ്പ ചുമത്താന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News