
കെ എസ് ഇ ബി ഓഫീസേഴ്സ് സംഘടനാ നേതാവ് സുരേഷ് കുമാറിനെതിരെ ആറേമുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തി കെ എസ് ഇ ബി ചെയര്‍മാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഉടനീളം പൊരുത്തകേടുകളും സംശയങ്ങളും നിറയുന്നു. വകുപ്പില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ പോയ ഒരു ജീവനക്കാരന്റെ ആ സമയത്തെ പ്രവൃത്തിയില്‍ നടപടി എടുക്കാന്‍ ചെയര്‍മാന് അധികാരം ഇല്ല. വാഹനം ദുരുപയോഗം ചെയ്തു എന്ന് അന്നത്തെ വകുപ്പ് മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും ആക്ഷേപം ഇല്ലാത്തടുത്തോളം കാലം ഉത്തരവിന് നിയമസാധുതയും ഇല്ല.
സംഘടനാ നേതാവ് സുരേഷ് കുമാര്‍ വാഹനദുരുപയോഗം ചെയ്തു എന്ന് ആക്ഷേപിച്ച് പിഴ ചുമത്താന്‍ തീരുമാനിച്ച കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോക് പുറപ്പെടുവിച്ച ഉത്തരവില്‍ നിറഞ്ഞ് നില്‍ക്കുന്നത് അത്രയും അവ്യക്തതയും ആശയകുഴപ്പവും ആണ് . കെ എസ് ഇ ബിയുടെ അനുമതി ഇല്ലാതെ തന്നെ വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയും ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ട്. അങ്ങനെ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ മന്ത്രി ഓഫീസിലെ ജോലിക്കിടയില്‍ ഏതെങ്കിലും തരത്തിലുളള അപാകത നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് പരിശോധിക്കേണ്ടത് അദ്ദേഹത്തിന്റെ നിയമന അധികാരിയായ പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് .
കേരളാ സിവില്‍ സര്‍വ്വീസ് ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ റൂള്‍സിന്റെ വകുപ്പ് 20നെ തെറ്റായി ഉദ്ധരിച്ചാണ് സുരേഷ് കുമാറിനെതിരെ ചെയര്‍മാന്‍ പകപോക്കുന്നത് എന്ന് വ്യക്തം. എം എം മണി വൈദ്യുതി മന്ത്രിയായിരിക്കെ കെ എസ് ഇ ബി മന്ത്രി ഓഫീസിലേക്ക് അനുവദിച്ച വാഹനത്തിന്റെ കസ്റ്റോഡിയന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. വാഹനം ഔദ്യോഗിക ആവശ്യത്തിന് തന്നെയാണോ ഉപയോഗിച്ചത് എന്ന് ആദ്യം പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴി എടുക്കണമായിരുന്നു. മന്ത്രി ഓഫീസില്‍ ജോലി ചെയ്യുന്ന കാലയളവില്‍ സുരേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ ഔദ്യോഗികമെന്നോ സ്വകാര്യമെന്നോ വേര്‍തിരിക്കേണ്ടത് മന്ത്രിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമാണ്. സുരേഷ് കുമാറിനെതിരെ പിഴ ചുമത്തി ഉത്തരവ് ഇറക്കാനുളള വ്യഗ്രതയില്‍ ബോര്‍ഡ് ചെയര്‍മാന്‍ ഈ സുപ്രധാനമായ കാര്യം വിട്ട് പോയി. പിഴ ചുമത്തി ഇറക്കിയ ഉത്തരവ് ആവട്ടെ അതിലേറെ ആശയകുഴപ്പം നിറഞ്ഞതാണ്. ബോര്‍ഡിന് ലഭിച്ച ഒരു ഊമകത്തില്‍ നിന്നാണ് നടപടി ഉണ്ടായത് എന്ന് പറയുന്നു.
കെഎസ്ഇബിയുടെ കൈവശം ഇരിക്കുന്ന വാഹനത്തിന്റെ ലോഗ് ബുക്കും, ട്രിപ്പ് ഷീറ്റും കെഎസ്ഇബിയുടെ അഭ്യുദയകാംക്ഷിയായ അജ്ഞാതനായ വ്യക്തിക്ക് എങ്ങനെ ലഭിച്ചു എന്നതില്‍ തുടങ്ങുന്നു സംശയം . KL01 BQ 2419 എന്ന വാഹനത്തില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ എത്തി എന്ന് സ്ഥാപിക്കാന്‍ ചെയര്‍മാന്‍ കൂട്ട് പിടിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തായ ചീഫ് വിജിലന്‍സ് ഓഫീസിറായ സിവി നന്ദനെയാണ്. കുറ്റ്യാടിയിലെ വീട്ടിലെത്തിയ തനിക്കും , ഡ്രൈവര്‍ക്കും സുരേഷ് കുമാറും ഭാര്യയും ചേര്‍ന്ന് കട്ടന്‍ചായ ഇട്ടുതന്നു എന്ന നന്ദന്റെ മൊഴി ഉണ്ട്. ഈ കട്ടന്‍ചായ കഥയാണ് വാഹനദുരുപയോഗത്തിനായി കെ എസ് ഇ ബി ചെയര്‍മാന്‍ എടുത്ത് ഉപയോഗിക്കുന്ന വജ്രായുധം. യാതൊരു ഉത്തരവും ഇല്ലാതെ സുരേഷ് കുമാര്‍ വാഹനം കെ എസ് ഇ ബിയില്‍ നിന്ന് കടത്തികൊണ്ട് പോയെങ്കില്‍ വാഹനത്തിന്റെ സൂക്ഷിപ്പുകാരനായ വ്യക്തിക്കെതിരെ നടപടി ഉണ്ടാവാത്ത് എന്ത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്.
2016 ഡിസംബര്‍ 1 ന് ആണ് വൈദ്യുതി മന്ത്രിയുടെ സ്റ്റാഫിലേക്ക് സുരേഷ് കുമാറിനെ നിയമിക്കുന്നത്. KSEB രേഖകള്‍ പ്രകാരം അതിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ വാഹനം അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കടകംപ്പള്ളി സുരേന്ദ്രന്റെ ഓഫീസ് ആവശ്യത്തിനായി വിട്ട് നല്‍കിയതാണ്. കടകംപള്ളിയുടെ സ്റ്റാഫില്‍ ഇല്ലാത്ത സുരേഷ് കുമാര്‍ എങ്ങനെ മന്ത്രി ഓഫീസിലേക്ക് വാഹനം കടത്തി എന്ന ചോദ്യത്തിനും ഉത്തരവില്‍ വ്യക്തത ഇല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here