John Paul : വിട വാങ്ങിയത് എഴുത്തുകളുടെ അതികായന്‍…

മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ  സിനിമകളുടെ രചയിതാവ് ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി- 72) അന്തരിച്ചു(John Paul Passed Away).

രണ്ടുമാസത്തോളമായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരോഗ്യനില ഭേദപ്പെട്ട് വരികയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനൊരുങ്ങുകയായിരുന്നു.

വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ. ഞാൻ, ഞാൻ മാത്രം എന്ന ചിത്രം മുതൽ കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമകൾ.

വാണിജ്യ-സമാന്തര സിനിമകളിൽ സമന്വയിപ്പിച്ച് നിരവധി ചിത്രങ്ങൾ ജോൺ പോൾ ഒരുക്കി. ചലച്ചിത്രകാരൻ, നിർമ്മാതാവ്, മാദ്ധ്യമ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ഈ മേഖലകളിലെ വിദ്യാർത്ഥികൾക്ക് തന്റെ വലിയ അനുഭവ സമ്പത്ത് പങ്കുവയ്‌ക്കാൻ ഒരിക്കലും മടികാണിച്ചിട്ടുമില്ല.

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമായി എത്തി.

ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്.

എന്നാൽ ഈ നടപടി പുരോ​ഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News