Pinarayi Vijayan:മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേയ്ക്കുയര്‍ത്തിയ പ്രതിഭാശാലിയായിരുന്നു ജോണ്‍പോള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍| Pinarayi Vijayan

പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ ജോണ്‍ പോളിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേയ്ക്കുയര്‍ത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ജോണ്‍ പോള്‍ എന്നും അനുസ്മരിക്കപ്പെടും. കഥാകൃത്ത്, തിരക്കഥാകാരന്‍, സംവിധായകന്‍, സംഭാഷണ രചയിതാവ്, നിര്‍മ്മാതാവ് തുടങ്ങി പലതലങ്ങളില്‍ അദ്ദേഹം ചലച്ചിത്ര രംഗത്തിന് കലാത്മകമായ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോണ്‍ പോള്‍. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ അത് പ്രതിഫലിച്ചിരുന്നു. അനര്‍ഗളമായ വാക്പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. മലയാള സിനിമയുടെ ചരിത്ര രചനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. മലയാളികളുടെ മനസ്സില്‍ നിന്ന് മായാത്ത നിരവധി ചിത്രങ്ങളുടെ ശില്പിയാണ് ജോണ്‍ പോള്‍. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ വിപുലമായ സൗഹൃദവലയമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. ബന്ധു മിത്രാദികളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

രണ്ടുമാസത്തോളമായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.

ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരോഗ്യനില ഭേദപ്പെട്ട് വരികയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനൊരുങ്ങുകയായിരുന്നു.
വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോണ്‍ പോള്‍. ഞാന്‍, ഞാന്‍ മാത്രം എന്ന ചിത്രം മുതല്‍ കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകള്‍.

വാണിജ്യ-സമാന്തര സിനിമകളില്‍ സമന്വയിപ്പിച്ച് നിരവധി ചിത്രങ്ങള്‍ ജോണ്‍ പോള്‍ ഒരുക്കി. ചലച്ചിത്രകാരന്‍, നിര്‍മ്മാതാവ്, മാദ്ധ്യമ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം ഈ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ വലിയ അനുഭവ സമ്പത്ത് പങ്കുവയ്ക്കാന്‍ ഒരിക്കലും മടികാണിച്ചിട്ടുമില്ല.
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളില്‍ നിന്നായി ചികിത്സ സഹായമായി എത്തി.

ജോണ്‍ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോണ്‍ പോളിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാന്‍ ശ്രമം തുടങ്ങിയത്.
എന്നാല്‍ ഈ നടപടി പുരോ?ഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു. കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്ന ജോണ് പോള്‍ പിന്നീട് ജോലി രാജിവച്ചാണ് മുഴുവന്‍ സമയതിരക്കഥാകൃത്തായി മാറിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News