John Paul: ജോണ്‍ പോള്‍; നാലു പതിറ്റാണ്ടിന്റെ മാന്ത്രികതൂലിക

നാല് പതിറ്റാണ്ടുകാലം മലയാള സിനിമയുടെ വിജയത്തിന്റെ അടിത്തറയായി നിന്ന തിരക്കഥകളായിരുന്നു ജോണ്‍ പോളിന്റേത്(John Paul). അക്ഷരാര്‍ത്ഥത്തില്‍ തിരക്കഥാ കലയിലെ രാജാവാണ് ജോണ്‍ പോള്‍. ജോണ്‍ പോളിന്റെ തിരക്കഥകള്‍ പകര്‍ന്ന് തന്ന കാഴ്ചാ വഴികളിലൂടെയാണ് മലയാള സിനിമയുടെ(malayalam cinema) ഒരു കാലഘട്ടം തന്നെ സഞ്ചരിച്ചത്. കടല്‍ പോലെ പരന്ന ആ രചനാ ജിവിതത്തിന് സമാനതകളില്ല. എണ്‍പതുകളില്‍ എംടിയും പദ്മരാജനും നിറഞ്ഞുനില്‍ക്കുന്ന ഇടത്തിലേക്കാണ് തിരകഥാകാരനായി ജോണ്‍പോള്‍ കടന്നു വരുന്നത്. എംടിയെയും പത്മരാജനെയും പോലെ സര്‍ഗ്ഗാത്മക ചാരുതയും കരുത്തുമുള്ള രചനകള്‍ തന്നെയായിരുന്നു സിനിമയില്‍ ജോണ്‍ പോളിന്റെയും കൈമുതല്‍.

1980ല്‍ ഭരതന്റെ ചാമരത്തിനായിരുന്നു(chamaram) ജോണ്‍പോളിന്റെ ആദ്യത്തെ തിരക്കഥ അടിത്തറയിട്ടത്. അന്നുവരെ നിലനിന്നിരുന്ന ചലച്ചിത്ര ഭാഷ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വഴിത്താരയിലൂടെ പിന്നീട് നൂറോളം രചനകള്‍ ആ പേനത്തുമ്പിലൂടെ പിറന്നു വീണു. സിനിമയെ കേവലം ആനന്ദവും ആഘോഷവുമായി മാത്രം കണ്ടിരുന്ന ശൈലിയില്‍ നിന്ന് മാറി ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ സ്വാംശീകരിച്ചെടുക്കുകയായിരുന്നു ജോണ്‍പോളിന്റെ തിരക്കഥകള്‍. ഭരതനേയും ഐവിശശിയെയും കെഎസ്. സേതുമാധവനേയും മോഹനേയും പിഎന്‍ മേനോനെയും ജോഷിയെയും സത്യന്‍ അന്തിക്കാടിനെയും കമലിനെയും ബാലുമഹേന്ദ്രയെയും പോലുള്ള മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരെല്ലാം തലയുര്‍ത്തി നിന്നു ജോണ്‍പോള്‍ തിരക്കഥയിലൂടെ.

ഷെവലിയര്‍ പി വി പൗലോസിന്റേയും റെബേക്കയുടേയും മകനായി 1950 ഒക്ടോബര്‍ 29നായിരുന്നു ജോണ്‍ പോളിന്റെ ജനനം. വിദ്യാര്‍ഥികാലം മുതല്‍ സിനിമയില്‍ താല്‍പ്പര്യമുണ്ടായിരുന്നു ജോണ്‍പോളിന്. മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയ ശേഷം ഫിലിം സൈസൈറ്റി പ്രവര്‍ത്തനത്തില്‍ മുഴുകി. അല്‍പ്പകാലം പത്രപ്രവര്‍ത്തനത്തിലും കഴിവു തെളിയിച്ചു. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനുമായിരുന്നു . പക്ഷേ സിനിമയായിരുന്നു ജോണ്‍പോളിന്റെ ജീവിത്തിന്റെ വഴി നിശ്ചയിച്ചത്. അവസാനം കാലം വരെ മലയാള സിനിമയുടെ സഞ്ചരിക്കുന്ന ഒരു സര്‍വകലാശാലയുമായിരുന്നു ജോണ്‍ പോള്‍.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തിരക്കഥാ രചനയില്‍ നിന്നും വിട്ട് ഓര്‍മ്മക്കുറിപ്പുകള്‍, ചലച്ചിത്ര നാടക ചരിത്രം. തുടങ്ങിയ ജോലികളിലാണ് ജോണ്‍പോള്‍ വ്യാപൃതനായിരുന്നത്. കൊച്ചിയിലെ സകല സാംസ്‌കാരിക കൂട്ടായ്മകളിലും അദ്ദേഹം സജീവ സാന്നിധ്യവുമായിരുന്നു. മനോഹരമായ ഒരു എഴുത്തു ശൈലിയിലുള്ള അദ്ദേഹത്തിന്റെ അനുഭവകഥനങ്ങള്‍ വായനക്കാരുടെ ഹരവുമായിരുന്നു. മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ചത് പോലെ സാഹിത്യത്തിലും അദ്ദേഹം വ്യത്യസ്തമായൊരു രചനാ പാത തുടര്‍ന്നു.

കാഴ്ചയ്ക്ക് മുമ്പേ സഞ്ചരിക്കുന്ന അക്ഷരങ്ങളായിരുന്നു ജോണ്‍ പോളിന്റേത്. കാഴ്ചയ്ക്ക് ശക്തി നല്‍കുന്ന എഴുത്ത്. ഓര്‍മ്മയ്ക്കായി, വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം, യാത്ര, കാറ്റത്തെക്കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, പുറപ്പാട്, കേളി, തുടങ്ങിയ നീണ്ട ആ നിര അവസാനിക്കുന്നത് 2019ല്‍ കമലിന്റെ പ്രണയമീനുകളുടെ കടലിലാണ്. അക്ഷരാര്‍ത്ഥത്തില്‍ തിരക്കഥയെഴുത്തിന്റെ ഒരു കടല്‍ തന്നെയാരുന്നു ജോണ്‍ പോള്‍. ആ കടലാണ് ഇപ്പോള്‍ കൊച്ചിയില്‍ നിശ്ചലമായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News