Kodiyeri Balakrishnan: മലയാള സിനിമയ്ക്ക് നവഭാവുകത്വവും പുതിയ ദൃശ്യഭാഷയും നല്‍കിയ തിരക്കഥാകൃത്ത്; ജോണ്‍ പോളിനെക്കുറിച്ച് കോടിയേരി

മലയാള സിനിമയിലെ വിനോദ-സമാന്തര സിനിമകളെ വിളക്കിചേര്‍ത്ത് പുതിയ സിനിമാ സ്വഭാവം സൃഷ്ടിച്ചയാളാണ് ജോണ്‍ പോള്‍(John Paul) എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). മലയാള സിനിമയില്‍ തിളക്കത്തോടെ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പിറന്നത് ജോണ്‍ പോളിന്റെ(John Paul) രചനയിലാണ്. വലിയ വായന അദ്ദേഹത്തിന്റെ എഴുത്തിന് കരുത്ത് പകര്‍ന്നിരുന്നു. മനുഷ്യന്റെ വൈകാരിക തലത്തെ വ്യത്യസ്ഥരായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതില്‍ തുടര്‍ന്ന് പോന്ന മികവാണ് ജോണ്‍ പോളിലെ ഏറ്റവും ശ്രദ്ധേയനാക്കിയത്. കരുത്തുറ്റ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും നിറയുന്ന തിരക്കഥകള്‍ അദ്ദേഹത്തെ എണ്‍പതുകളിലും തൊണ്ണുറുകളുടെ ആദ്യ പകുതിയിലും സംവിധായകരുടെയും പ്രേക്ഷകരുടെയും ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്താക്കി. എഴുത്തില്‍ ആവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നു എന്നതും ജോണ്‍ പോളിന്റെ തിളക്കം വര്‍ധിപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു.

സിനിമാപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നൂറോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിര്‍മാതാവും നടനുമെല്ലാമായി സിനിമയുടെ ഭാഗമായ അദ്ദേഹം ഇരുപതിലേറെ ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. എം ടി ഒരു അനുയാത്ര എന്ന രചനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ ഫൗണ്ടേഷന്‍, ഭരതന്‍ ഫൗണ്ടേഷന്‍, പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍, എം കെ സാനു ഫൗണ്ടേഷന്‍ തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
സിനിമയിലും സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News