ADVERTISEMENT
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവര്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വീട്ടിനുള്ളിലാകെ തീയും പുകയും പടര്‍ന്നതോടെ ശിവകുമാറിനും കുടുംബത്തിനും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.
പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് ശിവകുമാര്‍ മരിച്ചത്. പുക ശ്വസിച്ച് ഭാര്യയും കുട്ടികളും അബോധാവസ്ഥയിലായിട്ടുണ്ട്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനേയും അഗ്‌നിരക്ഷാ സേനയേയും വിവരം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാര്‍ മരിച്ചത്. ഭാര്യയും മക്കളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാര്‍ വെള്ളിയാഴ്ചയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതെന്ന്‌പോലീസ് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് പറഞ്ഞു.
തെലങ്കാനയിലെ നിസാമാബാദിലും കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇ-സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വീഴ്ച വരുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.