സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിലും; വണ്‍വെബിന് ലൈസന്‍സ് അനുവദിച്ചു

ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കാനുള്ള രാജ്യത്തെ ആദ്യ ലൈസന്‍സ് വണ്‍വെബിന്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികള്‍ അപേക്ഷിച്ചെങ്കിലും ആദ്യം അനുമതി നല്‍കിയിരിക്കുന്നത് വണ്‍വെബിനാണ്. ടെലികോം വകുപ്പ് വണ്‍വെബുമായി കരാര്‍ ഒപ്പുവച്ചു.

നൂറുകണക്കിന് ഉപഗ്രഹങ്ങള്‍ (ലോ എര്‍ത്ത് ഓര്‍ബിറ്റ്‌ലിയോ) വഴി ലോകമെങ്ങും കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. ഭൂമിയുമായി വളരെ അടുത്ത ഭ്രമണപഥത്തിലാകും ഉപഗ്രഹങ്ങള്‍ വിന്യസിക്കുക.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.

428 ഉപഗ്രഹങ്ങളാണ് വണ്‍വെബ്ബിന്റെ ആദ്യഘട്ടത്തിലുണ്ടാവുക. ഇന്ത്യന്‍ ടെലികോം കമ്പനി എയര്‍ടെലിന്റെ പ്രമോട്ടര്‍മാരായ ഭാരതി ഗ്രൂപ്പ്, യുകെ സര്‍ക്കാര്‍, ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷന്‍സ് എന്നിവയ്ക്ക് വണ്‍വെബില്‍ ഓഹരിപങ്കാളിത്തമുണ്ട്.

ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്‌സുമായി ചേര്‍ന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്ന് വണ്‍വെബ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. വണ്‍വെബിന്റെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയുമായി വണ്‍വെബ് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇക്കൊല്ലം തന്നെ വിക്ഷേപണമുണ്ടാകും. പിഎസ്എല്‍വി, ജിഎസ്എല്‍വിമാര്‍ക് ത്രീ എന്നീ റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുക. ആദ്യമായാണ് ഒരു ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News