
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ (John Paul)വിയോഗത്തില്‍ അനുസ്മരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എഴുത്തുകാരന്‍
ലിജീഷ് കുമാറിന്റെ (Lijeesh Kumar)പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. മലയാള സിനിമയുടെ (malayalam cinema)പുഞ്ചിരിക്കുന്ന പാപ്പാ എന്നാണ് ലിജീഷ് കുമാര്‍ ജോണ്‍ പോളിനെ വിശേഷിപ്പിച്ചത്. ഇവിടെ മനുഷ്യരില്‍ സിനിമ പ്രവര്‍ത്തിക്കുന്ന കാലത്തോളം നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്ന് ലിജീഷ് ഫെയ്‌സ്ബുക്കില്‍(facebook) കുറിച്ചു. ഏറിയും കുറഞ്ഞും ഞങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ പ്രേമികള്‍ക്കെല്ലാം നിങ്ങള്‍ ജോണ്‍ പോള്‍ മാഷാണെന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പോള്‍ മുനി ഇനി വാതില്‍ തുറക്കില്ല
Dear Smiling Pope, Good bye –
…………………………………………………………
1978 ലെ കഥയാണിത്, അന്ന് മലയാള സിനിമയില്‍ ജോണ്‍ പോളില്ല. 1980 ലാണ് ചാമരം. മര്‍മ്മരവും വിട പറയും മുമ്പേയും കഥയറിയാതെയും ആരതിയും ഓര്‍മ്മയ്ക്കായും തേനും വയമ്പും പാളങ്ങളും 1981 ലാണ്. പിന്നീടിങ്ങോട്ടുള്ള കാലമാണ് മലയാളിയുടെ ജോണ്‍ പോള്‍ കാലം. ഇത് അതിനു മുമ്പാണ്, ജോണ്‍ പോള്‍ കനറാ ബാങ്കിലെ ജോലിക്കാരനായിരുന്ന 1978 ല്‍. ജോണ്‍ പോള്‍ എന്ന പേരിനെ ലോകം ആദ്യമായി കേള്‍ക്കുന്നത് അന്നാണ്.
ഈ ജോണ്‍ പോള്‍ മലയാളിയല്ല, ഇറ്റലിക്കാരനാണ്. ഇറ്റലിയിലെ വെനീസ് അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂച്യാനി. 1978 ലാണ് അദ്ദേഹം മാര്‍പ്പാപ്പയാവുന്നത്. തൊട്ടു മുമ്പേ പദവിയിലിരുന്ന പാപ്പാമാരില്‍ രണ്ടു പേര്‍ ലൂച്യാനിയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഒന്ന് ജീവിത വിശുദ്ധികൊണ്ട് ലൂച്യാനിയെ സ്വാധീനിച്ച ജോണ്‍ ഇരുപത്തിമൂന്നാമനും ബുദ്ധികൂര്‍മ്മത കൊണ്ട് അമ്പരപ്പിച്ച പോള്‍ ആറാമനും. അങ്ങനെ ജീവിത വിശുദ്ധിയും ബുദ്ധികൂര്‍മ്മതയും തന്നില്‍ ഒന്നിച്ചുണ്ടാകണം എന്നാഗ്രഹിച്ച് ജോണിന്റെയും പോളിന്റെയും പേര് ചേര്‍ത്ത് അല്‍ബീനോ ലൂച്യാനി തന്നെ ജോണ്‍ പോള്‍ എന്ന് പുനര്‍നാമകരണം ചെയ്തു, ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പ!!
ചുണ്ടുകളില്‍ എപ്പോഴും പുഞ്ചിരി സൂക്ഷിച്ചിരുന്ന മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. അതുകണ്ട ലോകം ജോണ്‍പോള്‍ ഒന്നാമനെ പുഞ്ചിരിക്കുന്ന പാപ്പാ, the smiling Pope എന്നു പേര്‍ വിളിക്കാന്‍ തുടങ്ങി. രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് എന്ന അപൂര്‍വ്വരോഗം ബാധിച്ച് 1978 ആഗസ്റ്റ് ഒന്നിന് പാപ്പാ പോയി. മാര്‍പ്പാപ്പയുടെ കസേരയില്‍ ഇരുന്ന വെറും 33 ദിവസങ്ങള്‍ കൊണ്ട് തന്റെ ജീവിത വിശുദ്ധിയേയും ബുദ്ധികൂര്‍മ്മതയേയും പുഞ്ചിരിയേയും ലോകമെങ്ങും എത്തിച്ചു ജോണ്‍ പോള്‍ ഒന്നാമന്‍.
ഇന്ന് എന്റെ ജോണ്‍ പോള്‍ മരിക്കുമ്പോള്‍ ഞാനോര്‍ത്തത്, ജോണ്‍ പോള്‍ ഒന്നാമനെയാണ്. വിശുദ്ധിയും ബുദ്ധികൂര്‍മ്മതയും കൊണ്ട് അമ്പരപ്പിച്ച നൂറു കണക്കിന് സിനിമകള്‍, എപ്പോഴും പുഞ്ചിരിക്കുമായിരുന്ന മുഖം, മടങ്ങിയത് ജോണ്‍ പോള്‍ രണ്ടാമനാണ്. മലയാള സിനിമയുടെ പുഞ്ചിരിക്കുന്ന പാപ്പാ
കാതോടു കാതോരവും കാറ്റത്തെ കിളിക്കൂടും യാത്രയും മാളൂട്ടിയും അതിരാത്രവും ഇണയും കേളിയും സൂര്യഗായത്രിയും രേവതിക്കൊരു പാവക്കുട്ടിയും ഉണ്ണികളെ ഒരു കഥ പറയാമും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടവും ഉല്‍സവപ്പിറ്റേന്നും അങ്ങനെ എണ്ണിയെണ്ണിക്കുഴയാന്‍ മാത്രം ഗംഭീരമായ തിരക്കഥകള്‍ തന്നിട്ടും ജോണ്‍ പോള്‍ മടങ്ങുന്നത് വെറും കൈയ്യോടെയാണ്. കലാമൂല്യവും വിപണി മൂല്യവും സമ്മേളിച്ചിരുന്ന തിരക്കഥകളാല്‍ സമ്പന്നമായിരുന്നു ജോണ്‍ പോള്‍ക്കാലം. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഒരു സ്റ്റേറ്റവാര്‍ഡിനപ്പുറം ആദരിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ സൂക്ഷിച്ച പുതുശ്ശേരിയിലെ അലമാരയില്‍ എന്തുണ്ടാവും.
എങ്കിലും ജോണ്‍ പോള്‍, ഏറിയും കുറഞ്ഞും ഞങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ പ്രേമികള്‍ക്കെല്ലാം നിങ്ങള്‍ ജോണ്‍ പോള്‍ മാഷാണ്. ഇവിടെ മനുഷ്യരില്‍ സിനിമ പ്രവര്‍ത്തിക്കുന്ന കാലത്തോളം നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. അവാര്‍ഡുകളുടെ തിളക്കം കൊണ്ടല്ലാതെ ലോക സിനിമയില്‍ പോള്‍ മുനി പ്രവര്‍ത്തിച്ച പോലെ. ഗുഡ് ബൈ ഡിയര്‍ സ്‌മൈലിംഗ് പാപ്പാ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here