GST : എരിതീയില്‍ എണ്ണയൊ‍ഴിക്കാന്‍ കേന്ദ്രം : 143 ഉൽപ്പന്നങ്ങളുടെ നിരക്ക് കൂട്ടിയേക്കും

വിലക്കയറ്റം അതി രൂക്ഷമായി തുടരുന്നതിനിടയിൽ കൂടുതൽ ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കം ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. 143 ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടുന്നതിൽ ജി.എസ്.ടി മന്ത്രിതല സമിതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. നികുതി വർദ്ധന അടുത്ത മാസം ചേരുന്ന ജി.എസ്.ടി കൗൺസിൽ തീരുമാനിക്കും.

കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അദ്ധ്യക്ഷനായി രൂപീകരിച്ച ജി.എസ്.ടി മന്ത്രിതല സമിതിയാണ് നികുതി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കുന്നത്. 143 ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടാനാണ് ആലോചന. ഇതിൽ 98 ശതമാനത്തിൻറെയും നികുതി 18ൽ നിന്ന് 28 ശതമാനമാക്കിയേക്കും.

നികുതി ഒഴിവാക്കിയിട്ടുള്ള ചില ഉല്‍പ്പന്നങ്ങളെ നികുതിയുടെ പരിധിയിൽ കൊണ്ടുവരും. ശർക്കര, പപ്പടം, ചോക്കളേറ്റ്, പവർ ബാങ്ക്, വാച്ച്, 32 ഇ‌ഞ്ചിൽ താഴെയുള്ള ടെലിവിഷൻ. ഉണക്ക പഴങ്ങൾ, മിഠായികൾ, ഹാൻറ്-ബാഗ്, പെർഫ്യൂം, ശീതള പാനീയങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൾപ്പടെയുള്ള ഉല്പന്നങ്ങളുടെ നികുതിയാണ് കൂട്ടുക. ഇതിൽ ശർക്കരയുടെ നികുതി പൂജ്യത്തിൽ നിന്ന് 5 ശതമാനമാക്കും.

വാൽനട്ടിന്റെ നികുതി 5 ശതമാനത്തിൽ നിന്നും 12 ശതമാനവും,മരം കൊണ്ടുള്ള അടുക്കള സാമഗ്രികളുടെ നികുതി 12 ൽ നിന്ന് 18 ശതമാനമാക്കാനുമാണ് ആലോചന.ഇതുസംബന്ധിച്ച ശുപാർശകളിലാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം ജി.എസ്.ടി മന്ത്രിതല സമിതി തേടിയിരിക്കുന്നത്.

സമിതിയുടെ റിപ്പോർട്ട് അടുത്തമാസം ആദ്യം ജി.എസ്.ടി കൗൺസിലിന് കൈമാറും. അടുത്തമാസം തന്നെ ജി.എസ്.ടി കൗൺസിൽ യോഗം ഇതിൽ തീരുമാനം എടുത്തേക്കും. 1.42 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ മാർച്ച് മാസത്തിലെ ജി.എസ്.ടി വരുമാനം. ഇത് പ്രതിമാസം 2 ലക്ഷം കോടി രൂപയിലേക്ക് ഉയർത്തുകയാണ് കേന്ദ്ര സർക്കാർ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News