Saudi Arabia: രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള മാംസവും ചീസും, പലഹാരങ്ങളുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍; കട പൂട്ടിച്ച് അധികൃതർ

ജിദ്ദയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണമുണ്ടാക്കിയ കട സൗദി അധികൃതര്‍ അടപ്പിച്ചു. 30 വര്‍ഷത്തിലധികമായി കടയില്‍ സമൂസയും മറ്റ പലഹാരങ്ങളുമുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍ നിന്നാണെന്നാണ് അധികൃതര്‍ കണ്ടെത്തിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജിദ്ദ മുനിസിപ്പാലിറ്റി അധികൃതര്‍ ഭക്ഷണശാല റെയ്ഡ് ചെയ്യുകയായിരുന്നു. കടയിലെ തൊഴിലാളികള്‍ക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലായിരുന്നെന്നും ഇത് റെസിഡന്‍സി നിയമങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതികരിച്ചു. ജിദ്ദയില്‍ ഒരു റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.

Okaz പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പലഹാരങ്ങളും മറ്റ് ഭക്ഷ്യ വിഭവങ്ങളും ഇവിടെ വാഷ്‌റൂമില്‍ വെച്ചാണ് ഉണ്ടാക്കിയിരുന്നത്. മാത്രമല്ല രണ്ട് വര്‍ഷത്തിലധികമായി എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മാംസം, ചീസ് എന്നിവ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതായും മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി.ഇത്തരത്തില്‍ നിയമവിരുദ്ധവും വൃത്തിഹീനവുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി റസ്റ്റൊറന്റുകള്‍ അടച്ച് പൂട്ടിയതായും ഒരു ടണ്ണിലധികം ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍, ജിദ്ദയിലെ പ്രശസ്തമായ ഒരു റസ്റ്റൊറന്റ് ഷവര്‍മ സ്‌കീവറില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ സീല്‍ ചെയ്തിരുന്നു. ഷവര്‍മ സ്‌കീവറിന് മുകളില്‍ എലി നില്‍ക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News