കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കറും വമ്പന്‍ ഹിറ്റ്; നാലു ദിവസത്തെ വരുമാനം 27000 കടന്നു

കെ സ്വിഫ്റ്റിനു പിന്നാലെ കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസുകളില്‍ നടത്തുന്ന ‘സിറ്റി റൈഡ്’ സര്‍വീസുകളും വമ്പന്‍ ഹിറ്റ്. സര്‍വീസ് തുടങ്ങി ഒരാഴ്ച തികയും മുന്‍പു വിനോദസഞ്ചാരികളുടെയും കെഎസ്ആര്‍ടിസി പ്രേമികളുടെയും യാത്രക്കാരുടെയും ഇടയില്‍ പ്രിയങ്കരമായി മാറിയിരിക്കുകയാണ് സിറ്റി റൈഡ്.

ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടര്‍ന്നുള്ള 4 ദിവസങ്ങള്‍ക്കുള്ളില്‍ 27,000 രൂപയാണ് ഡബിള്‍ ഡെക്കറിലൂടെ കെഎസ്ആര്‍ടിസിയുടെ പോക്കറ്റില്‍ വീണത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീരുകയാണ്. റൈഡിന്റെ പ്രചാരണാര്‍ഥം ഇന്നലെ വൃദ്ധസദനത്തിലെ 54 അന്തേവാസികള്‍ക്ക് സൗജന്യ സര്‍വീസ് നടത്തി.

മുകള്‍വശം തുറന്നിരിക്കുന്ന ഇരുനില ബസിലാണ് യാത്ര. താഴെ 28 സീറ്റുകളും മുകള്‍നിലയില്‍ 39 സീറ്റുകളുമാണ് ഉള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുള്ള ‘ഡേ സിറ്റി റൈഡ്’, വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുള്ള ‘നൈറ്റ് റൈഡ്’ എന്നിങ്ങനെ രണ്ടു തരം സര്‍വീസുകളാണുള്ളത്.

രണ്ടിലും ടിക്കറ്റ് നിരക്ക് 250 രൂപ. പ്രാരംഭ ഓഫര്‍ ആയി 200 രൂപ നല്‍കിയാല്‍ മതി. ഡേ, നൈറ്റ് റൈഡുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കു 350 രൂപയുടെ ടിക്കറ്റും ലഭ്യം. യാത്രക്കാര്‍ക്ക് വെല്‍കം ഡ്രിങ്ക്, സ്‌നാക്‌സ് തുടങ്ങിയവയും ഇതിനോടൊപ്പം ലഭിക്കും.

രാവിലെ 9ന് കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ഡേ റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം പ്ലാനറ്റേറിയം, സ്റ്റാച്യു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഭക്ഷണത്തിനായി ഇടവേളയുമുണ്ട്.

സിറ്റി റൈഡുകള്‍ക്കു നിലവില്‍ ഫോണ്‍ ബുക്കിങ് സംവിധാനം മാത്രമാണുള്ളത്. സീറ്റ് ബുക്ക് ചെയ്യുന്നതിനായി പേര്, മൊബൈല്‍ നമ്പര്‍, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതി, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ 9447479789, 8129562972 എന്നീ നമ്പറുകളിലേക്കു വാട്‌സാപ് ചെയ്യണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here