Prem Nazir:പ്രേംനസീറിന്റെ വീട് വില്‍പ്പനയ്ക്ക്;പ്രതിഷേധവുമായി നാട്ടുകാര്‍

മലയാളികളുടെ നിത്യഹരിത നായകന്‍ (Prem Nazir)പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍ക്കാനൊരുങ്ങി ഉടമകള്‍. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പ്രേംനസീറിന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിന്റെ അവകാശം കിട്ടിയ പ്രേംനസീറിന്റെ ചെറുമകളാണ് ചിറയിന്‍കീഴിലെ ലൈല കോട്ടേജ് വില്‍ക്കുകയാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.

പ്രേം നസീര്‍ വിടപറഞ്ഞിട്ട് 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ചിറയിന്‍കീഴുകാര്‍ക്ക് അദ്ദേഹത്തിന്റെ പേരിലുള്ള വീട് മാത്രമാണ് അദ്ദേഹത്തെ എന്നും ഓര്‍മ്മിച്ചിരിക്കാനുളള ഏകസ്ഥലം. പ്രേംനസീറിന്റെ വീടിനടുത്തായി സ്മാരകം നിര്‍മ്മിക്കുന്നുണ്ടെങ്കിലും പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിന് ഇടത് വശമാണ് പ്രേംനസീറിന്റെ ലൈല കോട്ടേജ് സ്ഥിതി ചെയ്യുന്നത്. നസീറിന്റെ മകള്‍ ലൈലയുടെ പേരില്‍ 1956ല്‍ പണികഴിപ്പിച്ചതാണ് ഈ വീട്. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയ്ക്കാണ് വീട് അവകാശമായി കിട്ടിയത്. അമേരിക്കയിലുള്ള അവര്‍ 50 സെന്റും വീടും ഉള്‍പ്പെടുന്ന ഈ സ്ഥലം വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ചിറയിന്‍കീഴിലെ ആദ്യ ഇരുനില മന്ദിരം കൂടിയാണ് ഈ വീട്. ഇരുനിലയില്‍ എട്ട് കിടപ്പുമുറികളുമായി തലയെടുപ്പോടെ നില്‍ക്കുന്ന വീടിനും വസ്തുവിനും കോടികള്‍ വിലവരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വാതിലുകളിലും ജനാലകളിലും ചിതല്‍ കയറിയ അവസ്ഥയിലാണ്. സര്‍ക്കാരിന് വീട് വിട്ട് നല്‍കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ ഇതിന് തയ്യാറായിരുന്നില്ല. ഇപ്പോള്‍ വില്‍ക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് വിലയ്ക്ക് വാങ്ങി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News