Idukki: ഇടുക്കിയില്‍ കിണറ്റില്‍ നിന്നും ചന്ദനതടികള്‍ കണ്ടെത്തി

ഇടുക്കി രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചന്ദനതടികള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് മുറിച്ചുകടത്തിയ ചന്ദന മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് വിലയിരുത്തല്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

രാമക്കല്‍മേട്ടിലെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ നിന്നും കഴിഞ്ഞ ദിവസം വന്‍ ചന്ദനമോഷണം നടന്നിരുന്നു. എട്ടര ലക്ഷം രൂപയോളം വിലമതിക്കുന്ന 19 മരങ്ങളാണ് മുറിച്ചു കടത്തിയത്. അന്തര്‍സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് വനം വകുപ്പിന്റെ അന്വേഷണം. ഇതിനിടെയാണ് സമീപത്തെ ഉപയോഗശൂന്യമായ കിണറിനുള്ളില്‍ നിന്നും മുറിച്ച് ചെറുതാക്കിയ നിലയില്‍ ചന്ദനത്തടികള്‍ കണ്ടെത്തിയത്.

വനംവകുപ്പും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കള്‍ ഉപേക്ഷിച്ച് പോയ ചന്ദനമരങ്ങളുടെ ശിഖരങ്ങളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ചു കടത്തിയ ചന്ദന മരങ്ങളുടെ കുറ്റികളില്‍ വനംവകുപ്പ് വിവരങ്ങളും രേഖപ്പെടുത്തി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു അറിയിച്ചു. സഹോദരങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിത്. ഏലത്തോട്ടത്തില്‍ നിന്നിരുന്ന ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് കഴിഞ്ഞ ഒരാഴ്ചക്കിടയിലായിരുന്നു. ഈ ഭാഗത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News