Vacation:കുട്ടികള്‍ അവധിക്കാലം അടിച്ചുപൊളിക്കട്ടെ…

അവധിക്കാലം കുട്ടികള്‍ കൂടുതല്‍ ആഘോഷമാക്കട്ടെ. മാനസികമായും ശാരീരികമായും അവര്‍ ആരോഗ്യമുള്ളവരായിരിക്കട്ടെ. അതിനായി ഈ അവധിക്കാലത്ത് നമ്മുടെ കുഞ്ഞുങ്ങളെ ഒരുക്കാം. ബാല്യത്തില്‍ കുഞ്ഞിന്റെ മനസില്‍ കയറിക്കൂടുന്ന അറിവും അനുഭവങ്ങളുമാണ് പിന്നീടുള്ള അവന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവനെ വഴിനടത്തുന്നത്. അവധിക്കാലം ഉല്ലാസപ്രദമായി ചെലവഴിച്ചേ മതിയാകൂ.

കുട്ടികള്‍ക്കൊപ്പം കൂടുക

അവധിക്കാലം രസകരമാക്കാന്‍ മാതാപിതാക്കളുടെ ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. കുട്ടികള്‍ക്ക് മാനസികോല്ലാസവും, മുതിര്‍ന്നവര്‍ക്ക് മാനസികപിരിമുറുക്കത്തിനയവും ലഭിക്കണം. അവധിക്കാലം ആരോഗ്യകരമാക്കാന്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. അവധിക്കാലം അപ്പൂപ്പന്‍, അമ്മൂമ്മ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മക്കളെ അനുവദിക്കുക. അവരുടെ സ്നേഹവും കരുതലും അനുഭവകഥകളും കുട്ടിയില്‍ പോസിറ്റീവ് ചിന്താഗതി നിറയ്ക്കും. അവിടെ പുതിയ കൂട്ടുകാര്‍, പുതിയ സാഹചര്യം, പുതിയ ആഹാരങ്ങള്‍, പുതിയ അനുഭവങ്ങള്‍ അതൊക്കെയായി ഇണങ്ങിച്ചേരാന്‍ അവര്‍ പഠിക്കട്ടെ. മനസിന് സന്തോഷം നല്‍കുന്നതിനൊപ്പം നിത്യമുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതുമയുള്ള കുറച്ചു ദിവസങ്ങള്‍ അവര്‍ക്ക് കിട്ടുകയും ചെയ്യും.

2. കുട്ടികള്‍ക്ക് താല്‍പര്യമുള്ള കലകളും കലാവിരുതുകളും പ്രോത്സാഹിപ്പിക്കണം. അതിനായി പരിശീലനം നല്‍കുക. പാടാന്‍ കഴിവുള്ളവരെ പാട്ടു പഠിപ്പിക്കുക, നൃത്തം ചെയ്യാന്‍ അഭിരുചിയുള്ളവരെ അതിന് പരിശീലനം നല്‍കുക. മാര്‍ഷല്‍ ആര്‍ട്്സ് എങ്കില്‍ അങ്ങനെ. എന്നാല്‍ അടുത്തൊരു കേന്ദ്രമുണ്ടെന്നു കരുതി, അല്ലെങ്കില്‍ ഒറ്റയ്ക്കു വീട്ടിലിരുത്തണ്ട എന്നു കരുതി താല്‍പര്യമില്ലാത്ത കുട്ടികളെ അങ്ങോട്ടു പറഞ്ഞുവിടരുത്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടിയാല്‍ കുട്ടികള്‍ക്ക് മനസിന് അയവും ആഹ്ളാദവും ഉണ്ടാകും.

കംപ്യൂട്ടറിന് അവധികൊടുക്കാം

അവധിക്കാലത്ത് കംപ്യൂട്ടറിനും ടിവിക്കും ഭാഗികമായി അവധി കൊടുക്കുന്നത് നല്ലതാണ്. അവധിയായാല്‍ മുഴുവന്‍ സമയവും ഇവയ്ക്കു മുന്നിലിരുന്ന് സമയം കളയുന്ന ധാരാളം കുട്ടികളുണ്ട്. അതൊരു നല്ല പ്രവണത അല്ല. അവധിക്കാലത്ത് ഇവയുടെ ഉപയോഗത്തിന് സമയപരിധി ഏര്‍പ്പെടുത്തണം. ഇക്കാര്യം നേരത്തെതന്നെ പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്തണം. അങ്ങനെയെങ്കില്‍ അവരുടെ സഹകരണമുണ്ടാകാന്‍ പ്രയാസമുണ്ടാകുകയില്ല.

കൂട്ടുകാര്‍ക്കൊപ്പം കളി

കൂട്ടുചേര്‍ന്ന് കളിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കുട്ടിയും ഉണ്ടായിരിക്കുകയില്ല. അടുത്ത വീട്ടിലെ കുട്ടികളോടൊത്ത് കളിക്കാനുള്ള അവസരം നമ്മള്‍ തന്നെ സൃഷ്ടിച്ചുകൊടുക്കണം. തട്ടലും മുട്ടലും, വഴക്കും, കരച്ചിലുമൊക്കെ ഉണ്ടായെന്നുവരാം. അതൊക്കെ അതിന്റെ വഴിക്കങ്ങു വിട്ടാല്‍ മതി. കളികളിലൂടെയാണ് കുഞ്ഞുങ്ങള്‍ പല കാര്യങ്ങളും മനസിലാക്കുന്നത്. ജയത്തിന്റെ മധുരവും തോല്‍വിയുടെ കയ്പും ജീവിതത്തില്‍ പതിവുള്ളതാണെന്ന് അവര്‍ മനസിലാക്കണം. കഠിനാധ്വാനത്തിലൂടെ, തോല്‍വിയുടെ കയ്പ്, വിജയത്തിന്റെ മധുരമാക്കിത്തീര്‍ക്കാന്‍ കഴിയും എന്നും അവര്‍ മനസിലാക്കട്ടെ. കൂട്ടായ്മയുടെ ബലം, ആഹ്ളാദം ഇതൊക്കെ മനസിലാക്കാന്‍ കൂട്ടുചേര്‍ന്നുള്ള കളികള്‍ സഹായിക്കും.

ലൈംഗികാതിക്രമങ്ങള്‍ തടയാം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സ്വയരക്ഷയ്ക്കാവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. പരിചയമില്ലാത്തവര്‍ അടുപ്പം കാണിച്ചാല്‍ തിരിച്ച് അടുപ്പം കാണിക്കരുത്. അവരുടെ മധുരവാക്കുകള്‍ വിശ്വസിക്കരുത്. തരുന്ന ആഹാരങ്ങളോ പാനീയങ്ങളോ സ്വീകരിക്കരുത്. തന്നില്‍ മുതിര്‍ന്ന കുട്ടികളോട് അധികം കൂട്ടുകൂടരുത്. ഒറ്റയ്ക്ക് ആരോടൊപ്പവും പോകരുത്. ശരീരത്ത് എവിടെയും അനാവശ്യമായി തൊടാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം മുന്നറിയിപ്പുകള്‍ കുട്ടികള്‍ക്കു നല്‍കാം.

അവധിക്കായി ഒരുങ്ങാം

അവധിക്കാലത്തിനായി അച്ഛനമ്മമാരും തയാറെടുക്കണം. കുട്ടികള്‍ക്കൊപ്പം യാത്ര പോകണം. രസമുള്ള കളികള്‍ അവര്‍ക്കുവേണ്ടി ആസൂത്രണം ചെയ്യണം. നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അവരോടൊപ്പം കാണണം. പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു നല്‍കാം. വായന കഴിഞ്ഞ് അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുക. കുഞ്ഞുങ്ങളുടെ നല്ല കൂട്ടുകാരാവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. അതിനുള്ള നല്ല അവസരമാണ് അവധിക്കാലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News