ജസീന്ത ആര്‍ഡനും, ബിസ്മാ മെറുഫിനും മാത്രമല്ല ഏറ്റുമാനൂരിൽ കൈക്കുഞ്ഞുമായി നാട്ടുകാർക്കുവേണ്ടി പ്രവർത്തിക്കുന്ന ആര്യ രാജനും ഉണ്ട്

കുഞ്ഞിനും കുടുംബത്തിനുമൊപ്പം ചുറ്റുമുള്ള മനുഷ്യരും വലുതാണെന്ന് ഓർമിപ്പിക്കുന്ന ആര്യ രാജൻ ഒരു പ്രതീക്ഷയാണ്;സ്ത്രീകൾക്ക് പ്രചോദനമാണ്.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ(Arya Rajan) ഓഫീസിലിരുന്ന് ഭരണച്ചുമതലകൾ നിർവഹിക്കുമ്പോൾ തൊട്ടടുത്ത് ഒരു തൊട്ടിൽ ആടുന്നുണ്ടാവും.ആര്യ രാജന്റെ മൂന്നുമാസം പ്രായമായ മകൾ സഖിമൈത്രിയുടെ ചിരിയും കളിയും കരച്ചിലും ഉറക്കവുമൊക്കെ ഇപ്പോൾ ബ്ളോക് പഞ്ചായത്ത് ഓഫീസിലാണ്.വോട്ടുചെയ്തു വിജയിപ്പിച്ചവരോടുള്ള കടമയിൽ എല്ലാദിവസവും കുഞ്ഞ് സഖിമൈത്രിയുമായിട്ടാണ് പ്രസിഡന്റ് ആര്യയുടെ വരവ്.

പൊതുപ്രവർത്തനവും കുടുംബവും കുഞ്ഞുമെല്ലാം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുകയാണ് കേരളത്തിലെ പ്രായം കുറഞ്ഞ ബ്ലോക്ക് പ്രസിഡന്റുമാരിൽ ഒരാളായ ആര്യാ രാജൻ.കുട്ടിയെ നോക്കി വീട്ടിലിരുന്നാൽ ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറേണ്ടിവരും എന്ന ചിന്തയാണ് ആര്യയെ കുഞ്ഞിനൊപ്പം ഓഫിസിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് 29 കാരിയായ ആര്യ.

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേൻ(Jacinda Ardern) മകൾക്കൊപ്പം വന്ന ചിത്രങ്ങൾ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞാഘോഷിച്ചവരാണ് നമ്മൾ.ബിസ്മ മറൂഫിന്റെ(Bismah Maroof) കൈക്കുഞ്ഞുമായുള്ള ചിത്രം സ്റ്റാറ്റസ് ആക്കിയവരാണ് നമ്മൾ.പക്ഷെ മൂന്നുമാസമുള്ള മകളെയും കൂട്ടി പൊതുപ്രവർത്തനത്തിനിറങ്ങിയ ആര്യയ്ക്ക് കിട്ടിയത് നേരത്തെ പറഞ്ഞപോലെയുള്ള മാസ് കയ്യടികളായിരുന്നില്ല.പലരും നെറ്റിചുളിച്ച് ഇതു വേണോ എന്ന് ചോദിച്ചു.ആര്യയുടെ ഭാഷയിൽ പറഞ്ഞാൽ നെഗറ്റീവ് കമന്റുകൾ ഒരുപാട് വന്നു.ഒട്ടും പതറാതെ ആര്യ പറഞ്ഞു കുഞ്ഞിനോടുള്ള ഉത്തരവാദിത്വം പോലെ തന്നെ ജനങ്ങളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്.ഫിസിക്കലി ഫിറ്റാണെങ്കിൽ ആര്യയ്ക്ക് പ്രവർത്തിക്കാം എന്ന് പാർട്ടി പറഞ്ഞതോടെ  പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.കുഞ്ഞിനെയുമെടുത്ത് ആര്യ ഇറങ്ങി.

പ്രസവശേഷം ആറുമാസം അവധി ഉണ്ടായിരുന്നെങ്കിലും ജനസേവനത്തിന് അവധി കൊടുക്കേണ്ടെന്ന് ആര്യ തീരുമാനിക്കുകയായിരുന്നു. ഇതോടെ കൈക്കുഞ്ഞുമായായി ആര്യ ദിവസേന ഏറ്റുമാനൂര്‍(Ettumanoor) ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി തുടങ്ങി.ഇതിൽ കുടുംബത്തിന്റെയും പാർട്ടിയുടെയും പിന്തുണയും മന്ത്രി വി എൻ വാസവന്റെയും(V N Vasavan) പാർട്ടി ജില്ലാ സെക്രട്ടറിയുടെയും പ്രോത്സാഹനവും ആര്യ മറക്കുന്നില്ല.ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിയ ശേഷം കുഞ്ഞിനെ പരിപാലിക്കുന്നതിനു വീടിനു സമീപത്തുള്ള ഒരു സ്ത്രീയെയും ആര്യ ഒപ്പം കൂട്ടി. പുറത്തു പോകുമ്പോൾ കുഞ്ഞിനെയും കൊണ്ടു പോകും.ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയാണ് ആര്യ.

മെറ്റേണിറ്റി ലീവില്‍ പോയി വീട്ടുപണിയും കുഞ്ഞിന്റെ കാര്യങ്ങളും നോക്കി പിന്നെ ജോലിയൊക്കെ മതിയാക്കി കുഞ്ഞിനെ വളര്‍ത്തല്‍ മാത്രമായി ചുരുങ്ങിപ്പോകുന്നവർക്ക് മുന്നിലേക്കാണ് ആര്യ കൈക്കുഞ്ഞുമായി ഇറങ്ങി തന്റെ ജോലികൾ മനോഹരമായി ചെയ്തുകാണിക്കുന്നത്. പ്രസവം വൈകാരിക പവിത്രതയായി കാണുന്നവരെ ആര്യ ഓർമിപ്പിക്കുന്നു അതൊരു ജൈവിക തുടര്‍ച്ച മാത്രമാണ്.കുഞ്ഞിനും കുടുംബത്തിനുമൊപ്പം ചുറ്റുമുള്ള മനുഷ്യരും വലുതാണെന്ന് ഓർമിപ്പിക്കുന്ന ആര്യ രാജൻ ഒരു പ്രതീക്ഷയാണ്;സ്ത്രീകൾക്ക് പ്രചോദനമാണ്.

എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ അയ്മനം സ്വദേശി റിജേഷ് കെ. ബാബുവാണ് ഭർത്താവ്.എസ്.എഫ്.ഐ. മുൻ ഇടുക്കി ജില്ലാപ്രസിഡന്റായിരുന്ന ആര്യ എം.ജി. സർവകലാശാല മുൻ സിൻഡിക്കേറ്റംഗമാണ്. ഇപ്പോൾ സി.പി.എം. ഏരിയാ കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News