Fish Rain: മീനുകള്‍ മഴയായി പെയ്യുമോ? ആരും അത്ഭുതപ്പെടേണ്ട പെയ്യും, സംഭവം ഇങ്ങനെ…

മീനുകള്‍ മഴയായി പെയ്യുമോ? ആരും അത്ഭുതപ്പെടെണ്ട പെയ്യും സംഭവം നടക്കുന്നത് വടക്കന്‍ ഹോണ്ടുറാസിലെ ഒരു ചെറിയ പട്ടണമായ യോറോസില്‍. എല്ലാ വര്‍ഷവും ‘ലുവിയ ഡി പെസസ്’ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം അവിടെ നടക്കുന്നതായി അവിടത്തുകാര്‍ അവകാശപ്പെടുന്നു. മത്സ്യമഴയെയാണ് ലുവിയ ഡി പെസസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ചിലപ്പോള്‍ വര്‍ഷത്തില്‍ പലതവണ അവര്‍ക്ക് ഈ മത്സ്യമഴ ലഭിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള സമയത്താണ് സാധാരണ ഇത് സംഭവിക്കുന്നത്. സാധാരണയായി വളരെ ശക്തമായ കൊടുങ്കാറ്റിന് ശേഷമായിരിക്കും ഇത്. ഈ അസാധാരണ സംഭവത്തിന്റെ ഏറ്റവും വിചിത്രമായ കാര്യം, മത്സ്യം ആകാശത്ത് നിന്ന് വീഴുന്നത് ആരും കണ്ടിട്ടില്ല എന്നതാണ്. എന്നാല്‍, ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് മത്സ്യങ്ങള്‍ പ്രദേശത്ത് ചിതറി കിടക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. തെളിവായി ഇതിന്റെ കുറെ ഫോട്ടോകളും, വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ ഇത് വെറുമൊരു ഭാവനയായി തള്ളിക്കളയാനാവില്ല, മാത്രമല്ല ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസത്തെ പരിശോധിച്ച് ഒരു വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അതിലേയ്ക്ക് പോകുന്നതിന് മുന്‍പ്, പ്രദേശത്ത് ഇതിനെ ചുറ്റിപറ്റി നിലനില്‍ക്കുന്ന ഐതിഹ്യം എന്താണ് എന്നൊന്ന് നോക്കാം. ആളുകള്‍ പറയുന്നതിനനുസരിച്ച്, 1850 -കളുടെയും 60 -കളുടെയും ഇടയില്‍ സ്പാനിഷ് മിഷനറിയായ ഫാദര്‍ ജോസ് മാനുവല്‍ സുബിരാന ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. പ്രദേശവാസികളുടെ ദാരിദ്ര്യം കണ്ട അദ്ദേഹം അവര്‍ക്ക് ഭക്ഷണം ലഭിക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. തുടര്‍ച്ചയായി മൂന്ന് പകലും മൂന്ന് രാത്രിയും അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. നാലാം ദിവസം ആകാശം ഇരുണ്ടു. ആകാശത്ത് നിന്ന് മീനുകള്‍ മഴയായി പെയ്യാന്‍ തുടങ്ങി. അതാണ് ആദ്യത്തെ ലുവിയ ഡി പെസസ്. അതിനുശേഷം എല്ലാ വര്‍ഷവും ഈ അത്ഭുതം സംഭവിക്കുന്നതായി പറയപ്പെടുന്നു. എന്നാല്‍, ഇത് വെറും വിശ്വാസം മാത്രമാണ്.

ഇനി ഇതിന്റെ ശാസ്ത്രീയ വിശദീകരണത്തിലേക്ക് കടക്കാം. 1970 -ല്‍, ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ മത്സ്യമഴ കാണാന്‍ യോറോയില്‍ എത്തിയിരുന്നു. അവര്‍ മത്സ്യമഴ കണ്ടില്ലെങ്കിലും, പ്രദേശം മുഴുവന്‍ മത്സ്യത്താല്‍ മൂടപ്പെട്ടതായി കണ്ടെത്തി. എന്നാല്‍, അവര്‍ ശ്രദ്ധിച്ച രസകരമായ ഒരു കാര്യം, മത്സ്യങ്ങളെല്ലാം അന്ധരായിരുന്നു. പ്രദേശത്തെ ജലപാതകളില്‍ സാധാരണയായി കാണപ്പെടുന്ന ഇനങ്ങളില്‍ പെട്ടവയല്ല അവയൊന്നും എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഭൂഗര്‍ഭ നദികളിലോ, ജലപാതകളിലോ ജീവിച്ചിരുന്ന മീനുകളായിരിക്കണം അവയെന്ന് അവര്‍ അനുമാനിച്ചു. വെളിച്ചത്തിന്റെ അഭാവം അവരെ അന്ധരാക്കിയതായിരിക്കാമെന്ന് ഗവേഷകര്‍ വിശദീകരിച്ചു. കനത്ത കൊടുങ്കാറ്റില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഭൂഗര്‍ഭ മത്സ്യത്തെ ഭൂമിക്ക് മുകളിലേക്ക് കൊണ്ടുവരും. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏറ്റവും വ്യാപകമായി വിശ്വസിക്കപ്പെട്ട ഒരു സിദ്ധാന്തമാണിത്.

മറ്റൊരു സിദ്ധാന്തം, ജലാശയങ്ങള്‍ക്ക് മുകളില്‍ ഫണല്‍ പോലെയുള്ള മേഘങ്ങള്‍ രൂപപ്പെടുകയും വെള്ളത്തോടൊപ്പം മത്സ്യങ്ങളേയും മേഘങ്ങള്‍ വലിച്ചെടുത്ത് മഴയത്ത് കരയിലേക്ക് കൊണ്ട് തള്ളുകയും ചെയ്യുന്നുവെന്നതാണ്. എന്നാല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് യോറോ സ്ഥിതി ചെയ്യുന്നത്. അത്രയും ദൂരം ഇത് സാധ്യമല്ല എന്നതിനാല്‍ ഈ വാട്ടര്‍ സ്പൗട്ട് സിദ്ധാന്തം പലരും അംഗീകരിച്ചിട്ടില്ല. ലുവിയ ഡി പെസസ് കണ്ടെത്താനാകാത്ത ഒരു രഹസ്യമായി ഇന്നും തുടരുന്നുവെങ്കിലും, ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ഇത് കാണാന്‍ എല്ലാ വര്‍ഷവും ഇവിടെ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News