എന്താണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്..?? എവിടുന്നാണ് അത് ലഭിക്കുന്നത്..??

മിക്കപ്പോഴും കര്‍ഷകര്‍ കൃഷിഭവനില്‍ വന്ന് ചോദിക്കുന്ന ഒരു കാര്യമാണ്, ‘എന്താണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, അത് കൃഷിഭവനില്‍ നിന്നും ലഭിക്കുമോ..??’ എന്ന്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആത്യന്തികമായി ഒരു കാര്‍ഷിക വായ്പയാണ് എന്ന് പറയുമ്പോള്‍ കര്‍ഷകന്‍ പറയുന്നത് ‘എനിക്ക് ബാങ്കില്‍ കാര്‍ഷിക വായ്പയുണ്ടല്ലോ, പക്ഷെ കാര്‍ഡൊന്നും ഇത് വരെ കിട്ടിയിട്ടില്ലല്ലോ’ എന്നാണ്. ശരിയാണ് മിക്ക കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി സ്വര്‍ണ്ണം പണയപ്പെടുത്തിയോ, കരമടച്ച രസീത് വെച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നല്‍കിക്കൊണ്ടോ ഒക്കെ ബാങ്കുകളില്‍ വായ്പയുണ്ടാകും. പക്ഷെ പലര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയെന്താണെന്നോ, ‘ക്രെഡിറ്റ് കാര്‍ഡ്’ എന്താണെന്നോ അറിവുണ്ടായിരിക്കണം എന്നില്ല.

നബാര്‍ഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തില്‍ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ വഴി 1998 -ല്‍ അവതരിപ്പിക്കപ്പെട്ട ഒരു കാര്‍ഷിക വായ്പയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന് പ്രാഥമികമായി പറയാം. കര്‍ഷകന്റെ സമഗ്രമായ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്ഷ്യം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ കൃഷിഭവനില്‍ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകള്‍ മുഖാന്തരം മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്.

എന്തുകൊണ്ടാണ് ഇതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന് പറയുന്നത്..?? കാരണം ഇത് കര്‍ഷകര്‍ക്കുള്ള ഒരു ‘ക്രെഡിറ്റ് കാര്‍ഡ്’ വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കര്‍ഷകന് ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാര്‍ഡും ലഭിക്കുന്നു. (എ. ടി. എം. കാര്‍ഡ് പോലെ തന്നെയുള്ള ഒന്ന് – താഴെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക). ഈ കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകന് തന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പണം എ.ടി.എം വഴി പിന്‍വലിക്കാന്‍ സാധിക്കും.

മറ്റ് വായ്പ്പകളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത, വായ്പാ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടില്‍ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. ഉദാഹരണത്തിന് ഒരു പച്ചക്കറി കര്‍ഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. അദ്ദേഹത്തിന് വിത്തും വളവും മറ്റും വാങ്ങുന്നതിനും മറ്റ് ചിലവുകള്‍ക്കും കൂടി ആദ്യ മാസം 10000 രൂപ മാത്രമേ ആവശ്യമുള്ളൂ എങ്കില്‍ അദ്ദേഹത്തിന് എ.ടി.എം വഴി 10000 രൂപ മാത്രം പിന്‍വലിക്കാം. ഈ പതിനായിരം രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. എന്നാല്‍ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് സേവിങ്‌സ് അക്കൗണ്ടില്‍ ഇട്ടാല്‍, നിങ്ങള്‍ അതില്‍ നിന്ന് 10000 രൂപയെ എടുക്കുന്നുള്ളു എങ്കില്‍ കൂടിയും ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ, അതിന്റെ അക്കൗണ്ടില്‍ നിന്ന് തന്നെ എടുക്കുവാനും അതില്‍ തന്നെ തിരിച്ചടയ്ക്കുവാനും കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരമുള്ള ഇലക്ട്രോണിക് ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകളില്‍ നിന്നും ചോദിച്ച് വാങ്ങുക.

സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരു കര്‍ഷകനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. പാട്ട കൃഷിയുള്ള കര്‍ഷകര്‍ക്കും, കര്‍ഷക സംഘങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. ഓരോ വിളയ്ക്കും നിജപ്പെടുത്തിയ ഉല്‍പ്പാദനവായ്പ്പാതോത് (Scale of finance) അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക.

കൃഷി സ്ഥലത്തിന്റെ വിസ്തൃതി കൃഷി ചെയ്യുന്ന വിള, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ പരിപാലനം, ഉപഭോഗ ആവശ്യങ്ങള്‍, കാര്‍ഷികേതര മേഖല പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിച്ചാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. കൂടാതെ ഇപ്പോള്‍ ആട്, പശു, കോഴി, പന്നി വളര്‍ത്തല്‍, ഉള്‍നാടന്‍ മത്സ്യ ബന്ധനം തുടങ്ങിയ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി/ഉപ പരിധിയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നത് വരെയുള്ള സമയത്തെ കര്‍ഷകന്റെ ഉപഭോഗ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള തുക വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എന്നത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ മാത്രം പ്രത്യേകതയാണ്.

ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെയുള്ള കാര്‍ഷിക വായ്പ്പകള്‍ക്ക് പ്രത്യേകിച്ച് ഈടോന്നും തന്നെ കര്‍ഷകര്‍ നല്‍കേണ്ടതില്ല. ഇതിനു കൃഷി സ്ഥലത്തുള്ള വിള മാത്രം ഈടായി നല്‍കിയാല്‍ മതിയാകും. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് മുകളിലുള്ള വായ്പ്പകള്‍ക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നല്‍കേണ്ടതാണ്.

മൂന്ന് ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. വായ്പ സമയപരിധിക്കുള്ളില്‍ കൃത്യമായി തിരിച്ചടച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി കൂടുതല്‍ പലിശ ഇളവുകളും ലഭിക്കുന്നതാണ്. തന്നാണ്ടില്‍ എടുത്തിട്ടുള്ള തുക പലിശ സഹിതം ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നായോ ഗഡുക്കളായോ കര്‍ഷകര്‍ അടച്ചിരിക്കണം. ഹ്രസ്വകാല വിളകള്‍ക്ക് 12 മാസത്തിനുള്ളിലും, ദീര്‍ഘകാല വിളകള്‍ക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്‌ക്കേണ്ടത്.

പരിധി/ഉപ പരിധിയുടെ ഉള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി എത്ര തവണ വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും.ആവശ്യമുള്ളപ്പോള്‍ മാത്രം പണം എടുക്കുന്നത് മുഖേന കര്‍ഷകര്‍ക്ക് പലിശ ലാഭിക്കുകയും ചെയ്യാം.

വര്‍ഷത്തിലൊരിക്കല്‍ വായ്പ ഇടപാടുകളെ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവ്ചിലവിന്റെയും അടിസ്ഥാനത്തില്‍ വായ്പാത്തോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കില്‍ നിക്ഷിപ്തമാണ്. വാര്‍ഷിക അവലോകനത്തിന് വിധേയമായി കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷം ആയിരിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം പഴയ വായ്പ അവസാനിപ്പിക്കുകയും പുതിയ വായ്പയായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുകയും ചെയ്യുന്നതാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ പലിശ നിരക്ക് മറ്റേതൊരു വായ്പയും പോലെ തന്നെ റിസേര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്.

വിജ്ഞാപിത പ്രദേശങ്ങളിലുള്ള വിജ്ഞാപിത വിളകള്‍ക്ക് ‘വിള ഇന്‍ഷുറന്‍സ്’ പദ്ധതിയും ബാങ്കുകള്‍ വഴി ലഭ്യമാണ്. കൃഷിഭവന്‍ മുഖേനയുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറമെയാണ് ഇത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ എടുക്കുന്ന കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാണ്.

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള ഏകീകൃത അപേക്ഷാ ഫോമുകള്‍ അപേക്ഷകന്റെ സേവന മേഖലയിലുള്ള ബാങ്കില്‍ നിന്നോ കൃഷിഭവനില്‍ നിന്നോ ലഭ്യമാണ്. http://atmathrissur.gov.in/images/kerala/Documents/kcc_-_malayalam_appln_form.pdf എന്ന ലിങ്കിലും അപേക്ഷാ ഫോം ലഭ്യമാണ്. എന്നാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയോ, എ.ടി.എം/ക്രെഡിറ്റ് കാര്‍ഡോ കൃഷി ഭവന്‍ വഴി ലഭ്യമല്ല. ആയത് ലഭിക്കുവാന്‍ അപേക്ഷകന്‍ തന്റെ സേവന മേഖലയിലുള്ള ബാങ്കിനെ തന്നെ സമീപിക്കണം.

ഓര്‍ക്കുക ഏതാവശ്യത്തിനായി വായ്പ എടുത്താലും അത് കൃത്യ സമയത്ത് തന്നെ മുടക്കം വരുത്താതെ തിരിച്ചടയ്ക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്തുമ്പോള്‍ വീണ്ടുമൊരു വായ്പ (ഏത് തരം വായ്പ, ഏതു ബാങ്കില്‍ നിന്നായാലും) എടുക്കുന്നതിനെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തന്നെ പുതുക്കി കിട്ടുന്നതിനെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്നും ഏവരും മനസ്സിലാക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News