CBI 5 THE BRAIN: ‘സിബിഐ 5 ദി ബ്രെയിനിന് കട്ട വെയ്റ്റിംഗ്’; മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. ചിത്രം മെയ് 1 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയാകില്ല എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ മമ്മൂട്ടി സിബിഐ 5 ദി ബ്രെയിന്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ തന്റെ പ്രൊഫൈല്‍ ചിത്രമായി ഇട്ടിരിക്കുന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

പെരുന്നാള്‍ റിലീസായി ആണ് ചിത്രമെത്തുന്നത്, ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. മുന്‍പ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കര്‍, സായ്കുമാര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകള്‍.

സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടന്‍ ജഗതി ശ്രീകുമാര്‍ കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടര്‍ന്ന് പൂര്‍ണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാര്‍ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

സേതുരാമയ്യര്‍ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യര്‍ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.

ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് നേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതെ സമയം സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. തിയേറ്ററില്‍ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റ് പോയതെന്നാണ് സൂചന. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം 2021 നവംബര്‍ 29 ന് നിര്‍വഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വര്‍ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വര്‍ഷങ്ങള്‍ തികഞ്ഞിരുന്നു. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel