E P Jayarajan: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം: കെ ശങ്കരനാരായണനെക്കുറിച്ച് ഇ പി ജയരാജന്‍

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണനെന്ന്(K Sankaranarayanan) എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(E P Jayarajan). വിദ്വേഷമില്ലാത്ത രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായി. മന്ത്രിയും ഗവര്‍ണറുമായിരിക്കുമ്പോഴും അദ്ദേഹം ആദര്‍ശ ശുദ്ധി കൈവിടാതെ സൂക്ഷിച്ചു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത രാഷ്ട്രീയ നേതാവായിരുന്നു ശങ്കരനാരായണനെന്നും ഇ പി ജയരാജന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan)അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്‌റൂവിയന്‍ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയര്‍ത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്.

ദീര്‍ഘകാലം യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണ്ണര്‍ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികന്‍ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News