
IPL ക്രിക്കറ്റില്‍ ഇന്ന് പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം. രാത്രി 7:30 ന് വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ കളിച്ച 7 മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും തോല്‍വി അറിഞ്ഞു.
ടീമുകള്‍ ആകെ 26 തവണ മുഖാമുഖം വന്നപ്പോള്‍ 15 തവണ ചെന്നൈയും 11 തവണ പഞ്ചാബും വിജയം കണ്ടു.പോയിന്റ് പട്ടികയില്‍ പഞ്ചാബ് എട്ടാം സ്ഥാനത്തും ചെന്നൈ ഒന്‍പതാം സ്ഥാനത്തുമാണ്. 7 മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് IPL പോയിന്റ് പട്ടികയില്‍ ഒന്നാമത്.
അതേസമയം, സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനെ നേരിടും. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്ക് ഗുജറാത്താണ് എതിരാളി.
ഒഡീഷയും കര്‍ണാടകയും സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച കര്‍ണാടകയ്ക്ക് ഒരു ജയം, ഒരു തോല്‍വി, ഒരു സമനിലയുമായി നാല് പോയിന്റാണ് ഉള്ളത്.
നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു. ഒഡീഷക്ക് സെമി ഫൈനലിന് യോഗ്യത നേടാന്‍ സര്‍വീസസിനെതിരെ തോല്‍ക്കാതിരിക്കണം. ഒഡീഷ സര്‍വീസസിനെ പരാജയപ്പെടുത്തിയാല്‍ പത്ത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിക്ക് യോഗ്യത നേടാം. സമനിലയാണ് ഫലമെങ്കില്‍ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാം. സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇതിനകം യോഗ്യത നേടി കഴിഞ്ഞു. ആദ്യം നടക്കുന്ന ഒഡീഷ- സര്‍വീസസ് മത്സരഫലം കര്‍ണാടകയ്ക്ക് അനുകൂലമായാല്‍ പയ്യനാട് ഒരു ജീവന്‍മരണ പോരാട്ടത്തിനാകും സാക്ഷിയാകുക. മറിച്ചാണെങ്കില്‍ മത്സരത്തിന്റെ പ്രസക്തി ഇല്ലാതാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here