Laureus Award: ലോറസ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി മാക്‌സ് വെസ്താപ്പനും എലൈന്‍ തോംപ്‌സണും

കായികരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മാക്‌സ് വെസ്താപ്പന്‍ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോള്‍, വേഗ റാണി ജമൈക്കയുടെ എലൈന്‍ തോംപ്‌സണാണ് മികച്ച വനിതാ കായിക താരം.

ഇതിഹാസ സ്‌കീയറായ ലിന്‍ഡ്‌സെ വോണിന്റെ സാന്നിധ്യമായിരുന്നു 22 ആമത് ലോറസ് പുരസ്‌കാര പ്രഖ്യാപന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. സ്പാനിഷ് നഗരമായ സെവിയെ ആതിഥ്യമരുളിയ വെര്‍ച്വല്‍ ചടങ്ങിലായിരുന്നു ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുള്ള ലിന്‍ഡ്‌സെ വോണിന്റെ അവാര്‍ഡ് പ്രഖ്യാപനം. ബെല്‍ജിയന്‍ – ഡച്ച് ഫോര്‍മുല വണ്‍ ഡ്രൈവര്‍ മാക്‌സ് വെസ്താപ്പന്‍ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോള്‍, ജമൈക്കയുടെ വേഗ റാണി എലൈന്‍ തോംപ്‌സണാണ് മികച്ച വനിതാ കായിക താരം.

ഇറ്റാലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം. യൂറോ കപ്പ് കിരീട നേട്ടമാണ് ഇറ്റാലിയന്‍ ടീമിനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ലോറസ് വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദി ഇയര്‍ അവാര്‍ഡ് ബ്രിട്ടീഷ് വനിതാ ടെന്നീസ് താരം എമ്മ റഡുക്കാനുവിനാണ്. ലോറസ് വേള്‍ഡ് കംബാക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ബ്രിട്ടീഷ് – ജാപ്പനീസ് സ്‌കെയ്റ്റ് ബോര്‍ഡര്‍ സ്‌കൈ ബ്രൌണും , ലോറസ് വേള്‍ഡ് സ്‌പോര്‍ട്ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ വിത്ത് എ ഡിസബിലിറ്റി അവാര്‍ഡിന് സ്വിറ്റ്‌സര്‍ലണ്ടിന്റെ പാരാലിമ്പ്യന്‍ അത്‌ലറ്റ് മാര്‍സെല്‍ ഹഗും അര്‍ഹരായി.

ബ്രിട്ടീഷ് സൈക്ലിസ്റ്റും ഒളിമ്പിക്‌സ് ഹീറോയുമായ ബെഥാനി ഷ്രീവറിനാണ് ലോറസ് വേള്‍ഡ് ആക്ഷന്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ലോറസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്‍.എഫ്.എല്ലിലെ അമേരിക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ബാക്ക് ടോം ബ്രാഡിക്കും, ലോറസ് അക്കാഡമി എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ബയണ്‍ മ്യൂണിക്കിന്റെ പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിക്കും ലോറസ് സ്‌പോര്‍ട്ടിംഗ് ഐക്കണ്‍ അവാര്‍ഡ് ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ റേസര്‍ വാലന്റിനോ റോസിക്കുമാണ്.

യഥാക്രമം ലോറസ് സ്‌പോര്‍ട്ട് ഫോര്‍ ഗുഡ് അവാര്‍ഡ് ചിക്കാഗോയിലെ ഇല്ലിനോയി കേന്ദ്രമായ ലോസ്റ്റ് ബോയ്‌സ് IN C ക്കും ലോറസ് സ്‌പോര്‍ട്ട് ഫോര്‍ ഗുഡ് സൊസൈറ്റി അവാര്‍ഡ് റയല്‍ മാഡ്രിഡ് ഫൗണ്ടേഷനും ലോറസ് അത്‌ലറ്റ് അഡ്വക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജെറാള്‍ഡ് അസമോവയ്ക്കും ഘാനന്‍ ടീമിനുമായി ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌പോര്‍ട്ട്‌സ് ജേര്‍ണലിസ്റ്റുകള്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നും ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ 69 അംഗങ്ങള്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News