Covid: ദില്ലിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 16,522 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 30 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ ആയാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

ദില്ലിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേര്‍ക്കാണ് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്.

തലസ്ഥാനത്ത് കരുതല്‍ ഡോസ് സൗജന്യമാക്കിയതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വീണ്ടും ആളുകള്‍ എത്തി തുടങ്ങി. ദില്ലിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡില്‍ നേരിയ വര്‍ധന ഉണ്ടായതോടെ മറ്റന്നാള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ഉന്നതതല യോഗം ചര്‍ച്ച ചെയ്‌തേക്കും. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും നിര്‍ദേശമുണ്ടാകും. ദില്ലിയിലൊഴികെ രാജ്യത്ത് പണമീടാക്കുന്നത് കൊണ്ട് കരുതല്‍ ഡോസ് വിതരണത്തില്‍ മെല്ലെപ്പോക്കാണ്.

അതേസമയം കുട്ടികളിലെ വാക്‌സിനേഷന്‍ കൂടുതല്‍ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ആറിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് കൊവാക്‌സീന്‍ കുത്തിവെക്കാന്‍ അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചിനും 12നും ഇടയിലുള്ളവര്‍ക്ക് കൊര്‍ബെവാക്‌സ് നല്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ചയായി ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ആക്ടീവ് കേസുകളില്‍ 3 ശതമാനം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

ദില്ലിയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്ന് ഇതിനോടകം അറിയിപ്പ് വന്നിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഏര്‍പ്പെടുത്തിയത്. കൊവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ദുരന്ത നിവാരണ അതോറിറ്റി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News