
ഇമ്മാനുവേല്‍ മക്രോണ്‍(Emmanuel Macrone) ഫ്രാന്‍സ് (France) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 58.2% വോട്ടോടെ തീവ്ര വലതുപക്ഷ കക്ഷിയായ മരീന്‍ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മക്രോണ്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.
അധികാരത്തില്‍ നിന്ന് തീവ്ര വലത് പക്ഷകക്ഷിയെ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞെന്ന ആശ്വാസമാണ് മക്രോണിന്റെ വിജയം യൂറോപ്പിന് നല്‍കുന്നത്. മധ്യ- മിതവാദി ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന ലാ റിപ്പബ്ലിക്ക് എന്‍ മാര്‍ഷെ പാര്‍ട്ടി നേതാവായ മക്രോണ്‍, എതിരാളിയായ തീവ്ര വലതുപക്ഷ കക്ഷി മരീന്‍ പെന്നിനെതിരെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിന്റെ അഭിപ്രായ സര്‍വേയിലും മുന്നിലായിരുന്നു. രണ്ടാം ഘട്ടത്തില്‍ ശക്തമായ മത്സരത്തിനൊടുവിലാണ് മക്രോണിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്.
മധ്യ- മിതവാദിയായ ഇമ്മാനുവേല്‍ മക്രോണിന് 58.55 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, തീവ്ര വലതുപക്ഷ എതിരാളി മറൈന്‍ ലെ പെന്‍ 41.45 ശതമാനം വോട്ട് നേടി.
2002ല്‍ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റുകൂടിയാണ് മക്രോണ്‍. ജീവിതച്ചെലവ്, യുക്രെയ്ന്‍ യുദ്ധം എന്നിവ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായി. യൂറോപ്യന്‍ യൂണിയന്‍ അംഗത്വവും കാലാവസ്ഥ വ്യതിയാനവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക ശിരോവസ്ത്രത്തിനെതിരെ മരീന്‍ ലെ പെന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കനത്ത തിരിച്ചടിയായി.
പരിവര്‍ത്തനങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍ക്കും സന്തോഷകരവും ബുദ്ധിമുട്ടേറിയ സമയങ്ങള്‍ക്കും മുമ്പില്ലാത്തവിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ശേഷം ജനങ്ങള്‍ ഫ്രാന്‍സിനെ നയിക്കാന്‍ ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു വിജയം ഉറപ്പിച്ചതിന് പിന്നലെ മക്രോണിന്റെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here