ADVERTISEMENT
തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം പൂരം പന്തല്‍ കാല്‍നാട്ടി. പാറമേക്കാവ് മേല്‍ശാന്തി രാമന്‍ നമ്പൂതിരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചു.ഇതോടെ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കമായി.
തൃശ്ശൂര്‍ പൂരം പ്രൗഢഗംഭീരമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് പൂരപ്രേമികള്‍. ഇവരുടെ ആവേശത്തിന് തിരികൊളുത്തികൊണ്ടാണ് മണികണ്ഠനാലില്‍ പാറമേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരിപ്പാട് ഭൂമീപൂജയും ചടങ്ങുകളും നിര്‍വ്വഹിച്ചത്. ശേഷം ദേവസ്വം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും ദേശക്കാരും ചേര്‍ന്ന് പന്തലില്‍ കാല്‍നാട്ടി.
ജാതിമതഭേദമന്യേ ജനങ്ങള്‍ ഒരുമിക്കുന്ന തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദ മത്സരമാണ് നടക്കാറുള്ളത്. പത്തുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്വരാജ് റൗണ്ടില്‍ പൂരം പന്തല്‍ ഒരുക്കുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ കാല്‍നാട്ട് കര്‍മ്മം വ്യാഴാഴ്ച നടക്കും.
അതേസമയം, ഇന്നലെ നടന്നയോഗത്തില്‍ തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രൗഡിയോടെ നടത്താന്‍ തീരുമാനമായി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും തീരുമാനമായി. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു, കെ.രാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഇല്ല. അതേ സമയം, വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കൊവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ആശങ്കകള്‍ വേണ്ടെന്നും ഇടവേളക്ക് ശേഷമെത്തിയ തൃശൂര്‍ പൂരത്തെ അതിന്റെ മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് 40 ശതമാനം അധികം ആളുകള്‍ ഇത്തവണ പൂരം കാണാന്‍ എത്തുമെന്നാണ് കണക്കു കൂട്ടല്‍. ഇത് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു.തൃശ്ശൂര്‍ കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരെ കൂടാതെ ടി.എന്‍.പ്രതാപന്‍ എം.പി, പി.ബാലചന്ദ്രന്‍ എം.എല്‍.എ മേയര്‍ എം.കെ വര്‍ഗീസ്, കലക്ടര്‍ ഹരിത വി.കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.