Nato: നാറ്റോയില്‍ അംഗത്വത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്

നാറ്റോയില്‍ അംഗത്വത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്. അപേക്ഷ നല്‍കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. മറ്റൊരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനിലും നാറ്റോ അംഗത്വചര്‍ച്ച സജീവമാകുന്നുണ്ട്.

യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തിനു പിന്നാലെയാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്. റഷ്യയുമായി 1300 കിലോമീറ്റര്‍ അതിരുപങ്കിടുന്ന രാജ്യമാണു ഫിന്‍ലന്‍ഡ്. സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോ അംഗങ്ങളാകുന്ന സ്ഥിതി വന്നാല്‍ ബാള്‍ട്ടിക് സമുദ്രമേഖലയില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കുമെന്നു റഷ്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാറ്റോയില്‍ ചേര്‍ന്നാല്‍ രാജ്യത്തിന്റെ സുരക്ഷാകാര്യത്തില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചു ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പുറത്തുവിട്ട ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ചര്‍ച്ച തുടങ്ങി. ഇരുനൂറംഗ ഫിന്‍ലന്‍ഡ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം അംഗങ്ങളും നാറ്റോ അംഗത്വത്തെ അനുകൂലിക്കുന്ന സ്ഥിതിയെന്നാണ് സൂചന. നാറ്റോ ഉച്ചകോടി ജൂണ്‍ 29ന് സ്‌പെയിനിലെ മഡ്രിഡില്‍ ചേരും.

പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ഫിന്‍ലന്‍ഡ് അപേക്ഷ നല്‍കിയാല്‍ നാറ്റോയുടെ 30 അംഗരാജ്യങ്ങളും അത് ഏകകണ്ഠമായി അംഗീകരിക്കണം. ഹംഗറിയുടെ ഭാഗത്തുനിന്നു മാത്രമാണു പിന്തുണയുടെ കാര്യത്തില്‍ നേരിയ സംശയമുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി അടുപ്പം സൂക്ഷിക്കുന്നയാളാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍. അപേക്ഷ ലഭിച്ച് 4 മാസം മുതല്‍ ഒരു വര്‍ഷം വരെ നീളാവുന്നതാണ് നാറ്റോ അംഗത്വപ്രക്രിയ.

ശീതയുദ്ധകാലത്ത്, ആക്രമിക്കില്ലെന്ന സോവിയറ്റ് യൂണിയന്റെ ഉറപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച രാജ്യമാണ് ഫിന്‍ലന്‍ഡ്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഫിന്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമെടുത്തു. 1994 മുതല്‍ സൈനികനടപടികളിലൊഴികെ നാറ്റോയുമായി ഫിന്‍ലന്‍ഡ് സഹകരിക്കുന്നുണ്ട്.എന്നാല്‍ ഇതുവരെ നാറ്റോയില്‍ അംഗമല്ലാതിരുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ നീക്കം പുതിയ സൈനിക സമവാക്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News