Virath Kohli:ഈ വിരാട് കോഹ്ലിക്ക് എന്ത് പറ്റി? കടുത്ത നിരാശയില്‍ ക്രിക്കറ്റ് ആരാധകര്‍

ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം വിരാട് കോഹ്ലിയുടെ മോശം ഫോമാണ്. ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്തായ മത്സരത്തില്‍ പൂജ്യനായിട്ടായിരുന്നു കോഹ്ലിയുടെ മടക്കം.

ഈ വിരാട് കോഹ്ലിക്ക് എന്ത് പറ്റി. നടപ്പ് സീസണ്‍ ഐ പി എല്ലില്‍ കോഹ്ലി മോശം ഫോം തുടരുമ്പോള്‍ അതിവേഗ ക്രിക്കറ്റ് പ്രേമികള്‍ കടുത്ത നിരാശയിലാണ്. ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ വെറും 68 റണ്‍സിന് പുറത്തായ മത്സരത്തില്‍ കോഹ്ലിയുടെ സംഭാവന വട്ടപ്പൂജ്യമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ പവലിയനിലേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ കോഹ്ലി തല കുനിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒരിക്കല്‍ പോലും തല ഉയര്‍ത്താതെ നടന്ന കോഹ്ലി ആരാധകര്‍ക്ക് സമ്മാനിച്ചത് സങ്കടക്കാഴ്ചയാണ്.

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് കോഹ്ലി ഇത്തരത്തില്‍ ഒരു പ്രതിസന്ധിയെ നേരിടുന്നത്. കഴിഞ്ഞ 4 കളികളിലും കോഹ്ലിക്ക് രണ്ടക്കം തികയ്ക്കാനായിട്ടില്ല. കളിച്ച 8 മത്സരങ്ങളില്‍ നിന്ന് വെറും 48 റണ്‍സാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററായ വിരാട് കോഹ്ലിയുടെ ആകെ റണ്‍ നേട്ടം. 17 റണ്‍സാണ് ശരാശരി. 122.68 ആണ് വിരാടിന്റെ പ്രഹരശേഷി. ഫോര്‍മാറ്റുകളില്‍ ഉടനീളം ഉള്ള കഴിഞ്ഞ 100 മത്സരങ്ങളില്‍ ഒരു സെഞ്ചുറി പോലും കോഹ്ലിക്ക് നേടായിട്ടില്ല.കോഹ്ലി കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വിമര്‍ശനങ്ങളും വ്യാപകമാണ്.

മാനസികമായി തളര്‍ന്ന കോഹ്ലിക്ക് ഇടവേള വേണമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും അഭിപ്രായം. സമാന അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണും രംഗത്തുണ്ട്. അതേസമയം ആര്‍ സി ബി പരിശീലകന്‍ സഞ്ജയ് ബംഗാര്‍, വസിം ജാഫര്‍ തുടങ്ങിയവര്‍ കോഹ്ലിക്ക് പിന്തുണയുമായി ഉണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ തെല്ലും വകവെക്കാതെ ഐ പി എല്ലില്‍ തുടര്‍ന്നും കളിക്കാനാണ് കോഹ്ലിയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News