Mala Aravindan: കുറേ പേരെ പഞ്ചാര അടിച്ചിട്ടുണ്ട്; സ്നേഹം എന്ന് പറഞ്ഞാല്‍ അന്നും ഇന്നും ഗീതയോട് മാത്രമാണ്; മാള അരവിന്ദന്റെ വാക്കുകൾ

തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി പ്രേക്ഷകരെ ചിരിപ്പിക്കുന്ന അതുല്യ കലാകാരനായിരുന്നു മാള അരവിന്ദൻ(mala aravindan). വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവി ജെബി ജംഗ്ഷനില്‍ തന്റെ വിപ്ലവകരമായ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിട്ടുണ്ട്.

‘അന്ന് ദിവ്യ പ്രണയമായിരുന്നു. അന്ന് പ്രണയമല്ല ഇഷ്ടമാണ്. അന്ന് ഫോണ്‍ ഇല്ലാത്തത് കൊണ്ട് കത്തിലൂടെയായിരുന്നു. മൂന്നാലഞ്ച് വര്‍ഷം പ്രണയലേഖനങ്ങള്‍ കൊടുത്തതിന് ശേഷം പോയി രജിസ്റ്റര്‍ ചെയ്തു. അന്നക്കുട്ടിയുടെ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല. അവള്‍ ക്രിസ്ത്യനും ഞാന്‍ ഹിന്ദുവും ആയിരുന്നു. ആദ്യമങ്ങനെ പിണക്കം ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ശരിയായി. ഇപ്പോള്‍ അങ്ങനെയല്ലല്ലോ, പ്രശ്നങ്ങളൊന്നും ഇല്ല’ അരവിന്ദന്‍ പറയുന്നു.

Malayalam Actor Mala Aravindan Photo | Veethi

1971 ലാണ്. അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കല്യാണം കഴിച്ച ആള്‍ കൈയടി അര്‍ഹിക്കുന്നുണ്ടെന്ന് അവതാരകൻ കൂടിയായ ജോൺ ബ്രിട്ടാസ് എംപി പറയുന്നുണ്ട്.
അന്നക്കുട്ടിയുടെ പേരുമാറ്റിയോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി(john brittas mp)  ചോദിക്കുമ്പോൾ ‘ആരെങ്കിലും പേര് ചോദിക്കുമ്പോള്‍ അന്നക്കുട്ടി എന്ന് പറയും. ങ്ങേ അന്നക്കുട്ടിയോ എന്നാവും അടുത്ത ചോദ്യം. അതോടെ ഗീത എന്ന പേരാക്കി. ആ പേര് എനിക്ക് പണ്ടേ ഇഷ്ടമാണ്. അങ്ങനെ ആ പേരിട്ടു’വെന്ന് അരവിന്ദൻ പറഞ്ഞു.

Actor Mala Aravindan Image | Veethi

അന്നക്കുട്ടിയുമായിട്ട് തന്റെ ആദ്യ പ്രണയമായിരുന്നു. കുറേ പേരെ പഞ്ചാര അടിച്ചിട്ടുണ്ട്. സ്നേഹം എന്ന് പറഞ്ഞാല്‍ അന്നും ഇന്നും അത് ഗീതയോട് മാത്രമാണ്. മരിക്കുന്നത് വരെയും അത് അങ്ങനെ തന്നെ ആയിരിക്കും. അതേ സമയം അന്നക്കുട്ടിയാണ് ഭാഗ്യം കൊണ്ട് വന്നത്. അവരെ കെട്ടിയതിന് ശേഷമാണ് സിനിമയില്‍ സജീവമായത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ഇത് പലരും പറയാറുണ്ട്. പക്ഷേ ഞാനങ്ങനെ വിളിച്ച് കൂവണ്ടല്ലോ എന്ന് വിചാരിച്ചിരുന്നതാണ് എന്നും മാള അരവിന്ദന്‍ പറയുന്നു.

Actor Mala Aravindan Still | Veethi

എറണാകുളത്താണ് അരവിന്ദന്‍ ജനിച്ചത്. സംഗീതാധ്യാപികയായ അമ്മയ്ക്ക് തൃശ്ശൂര്‍ മാളയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് കുടുംബത്തോടെ മാളയിലേക്ക് മാറി. പിന്നീട് പേരിനൊപ്പം അരവിന്ദന്‍ മാളയും ചേര്‍ത്തു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിടുന്ന മകന്റെ താളബോധം മനസ്സിലാക്കിയ അമ്മ മാളയെ തബല പഠിപ്പിക്കാന്‍ വിട്ടു.

തബല പഠിച്ചതാണ് കലാ ജീവിത്തില്‍ വഴിത്തിരിവായത്. നാടകത്തില്‍ നിന്നുമാണ് മാള സിനിമയിലേക്കെത്തിയത്. 1976 ല്‍ പുറത്തിറങ്ങിയ സിന്ദൂരത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അല്‍പ്പം കഷ്ടപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹത്തെ മലയാള സിനിമ അംഗീകരിച്ചു തുടങ്ങി.

Mala Aravindan passed away - Entertainment Corner

വെങ്കലം, മൂന്നാം മുറ, ഭൂതക്കണ്ണാടി, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുരനൊമ്പരക്കാറ്റ്, മീശമാധവന്‍, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കരുമാടിക്കുട്ടന്‍ തുടങ്ങി നിരവധി സിനിമകളില്‍ മാള അരവിന്ദന്‍ വേഷമിട്ടിട്ടുണ്ട്.

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയിലിലാണ് അവസാനമായി അഭിനയിച്ചത്. 2015 ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാള അരവിന്ദന്‍ മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News