Congress:കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ മെയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കും

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ പ്രശ്‌നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ക്കുന്ന ചിന്തന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും. രാജസ്ഥാനിലെ ഉദയ്പൂരില്‍ മെയ് 13 മുതല്‍ 15 വരെയായിരിക്കും ചിന്തന്‍ ശിബിര്‍ നടക്കുക. ഇന്ന് നടന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് പരിപാടിയുടെ നടത്തിപ്പിനെ സംബന്ധിച്ച അന്തിമരൂപം നല്‍കിയത്. ഒരു എംപവര്‍ കമ്മിറ്റിയെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനായി നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനായി പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ഉന്നതതലയോഗം വിശദമായ ചര്‍ച്ച നടത്തിയെന്നും സുര്‍ജെവാല പറഞ്ഞു. യോഗത്തില്‍ എ.കെ.ആന്റണി, പി.ചിദംബരം, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. അതേസമയം പ്രശാന്ത് കിഷോര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

ഇതിനോടകം തന്നെ രാജസ്ഥാനിലെ ഉദയ്പൂരില്‍ ചേരുന്ന ചിന്തന്‍ ശിബിറിന് ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ചിന്തന്‍ ശിബിറില്‍ ചര്‍ച്ച ചെയ്യേണ്ട വിവിധ വിഷയങ്ങള്‍ ക്രോഡീകരിക്കുന്നതിനായി സോണിയാ ഗാന്ധി വിവിധ സമിതികള്‍ക്ക് രൂപം നല്‍കി. ക്യാംപിനുള്ള തയ്യാറെടുപ്പുകള്‍ രാജസ്ഥാന്‍ പിസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ചിന്തന്‍ ശിബിറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ചിന്തന്‍ ശിബിറില്‍ സംഘടനാ പ്രശ്‌നങ്ങളും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ കൂടാതെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങളും ചര്‍ച്ചയാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News