ദില്ലി സരോജിനി നഗറിലെ ചേരി ഒഴിപ്പിക്കല്‍ സുപ്രീംകോടതി തടഞ്ഞു. മാനുഷിക സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പുനരധിവാസത്തിന് നയമില്ലെന്ന് പറയാനാകില്ലെന്നും, വെറുതെ ആട്ടിയിറക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുടുംബങ്ങളുടെ വിഷയമാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഓര്‍മ്മപ്പെടുത്തിയ കോടതി സരോജിനി നഗറിലെ ചേരി നിവാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഇതേ സംബന്ധിച്ച ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതും സുപ്രീം കോടതി പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു. ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും. ഇത് സംബന്ധിച്ച ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചിരുന്നു.’സുപ്രീംകോടതി വിധി മേയറെ അറിയിച്ചതിനു ശേഷവും നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഞങ്ങള്‍ ഗൗരവമായി കാണും,’ രണ്ടാഴ്ചയ്ക്ക് ശേഷം കേസ് എടുക്കുമെന്ന് സുപ്രീം കോടതി അറിയിക്കുകയും ചെയ്തു. ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു. ജഹാംഗീര്‍പുരിയിലെ മാത്രം വിഷയമല്ല ഇതെന്നും രാജ്യത്തെ മുഴുവന്‍ ആളുകളെയും ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.