ksrtc double decker: വരുമാനവും ഡബിള്‍ ഡെക്കറില്‍

തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും കുതിച്ചുപായുന്ന ശീലമാണ് കെഎസ്ആര്‍ടിസിക്ക് ( ksrtc). അതിന് ഉത്തമ ഉദാഹരണമാണ് കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ്. പല മാധ്യമങ്ങളും മനപ്പൂര്‍വം കെ സ്വിഫ്റ്റിനെ ( K Swift ) തളര്‍ത്താനും സര്‍വീസ് അവസാനിപ്പിക്കാനും തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ മെനഞ്ഞത് നാമോരോരുത്തരും കണ്ടതും കേട്ടതുമാണ്. എന്നാല്‍ എല്ലാ വ്യാജ പ്രചരണങ്ങളെയും പുഷ്പ പോലെ തകര്‍ത്തുകൊണ്ടാണ്. കെ സ്വിഫ്റ്റ് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടിയത്.

പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത്. എട്ട് എസി സ്‌ളീപ്പര്‍ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപ. പെര്‍മിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടന്‍ സര്‍വ്വീസിനിറക്കുകയും ചെയ്യും. എന്നാല്‍ ഇതൊക്കെ ഇവിടെ നില്‍ക്കട്ടെ… ഇപ്പോള്‍ നമ്മള്‍ പറഞ്ഞു വരുന്നത് കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ സിറ്റിറൈഡ് ഓപ്പണ്‍ ഡെക്ക് ബസ്സിനെ (double decker) കുറിച്ചാണ്.

തിരുവനന്തപുരം ( Thiruvananthapuram ) നഗരം ചുറ്റിക്കാണാനെത്തുന്നവര്‍ക്ക് യാത്രയുടെ നവ്യാനുഭവം തീര്‍ക്കാനാണ് ഡബിള്‍ ഡെക്കര്‍ സിറ്റിറൈഡ് ഓപ്പണ്‍ ഡെക്ക് ബസുമായി കെ എസ്ആര്‍ ടിസി രംഗത്തെത്തിയത്. വിദേശ രാജ്യങ്ങളിലും വലിയ നഗരങ്ങളിലുമുള്‍പ്പടെയുള്ള ഓപ്പണ്‍ ഡെക്ക് സര്‍വീസാണ് അനന്തപുരിയിലേക്കെത്തിയത്. നഗരത്തിലെ സായാഹ്ന, രാത്രി കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി മികച്ച ഇരിപ്പിടത്തോടു കൂടിയുള്ള സൗകര്യങ്ങളും ബസ്സിലൊരുക്കിയിട്ടുണ്ട്. കെ സ്വിഫ്റ്റിനു പിന്നാലെ കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസുകളില്‍ നടത്തുന്ന ‘സിറ്റി റൈഡ്’ സര്‍വീസുകളും വമ്പന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.

സര്‍വീസ് തുടങ്ങി ഒരാഴ്ച തികയും മുന്‍പു വിനോദസഞ്ചാരികളുടെയും കെഎസ്ആര്‍ടിസി പ്രേമികളുടെയും യാത്രക്കാരുടെയും ഇടയില്‍ പ്രിയങ്കരമായി മാറിയിരിക്കുകയാണ് സിറ്റി റൈഡ്. ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടര്‍ന്നുള്ള 4 ദിവസങ്ങള്‍ക്കുള്ളില്‍ 27,000 രൂപയാണ് ഡബിള്‍ ഡെക്കറിലൂടെ കെഎസ്ആര്‍ടിസിയുടെ പോക്കറ്റില്‍ വീണത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീരുകയാണ്.

താഴെ 28 സീറ്റുകളും മുകള്‍നിലയില്‍ 39 സീറ്റുകളുമാണ് ബസ്സിനുള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുള്ള ‘ഡേ സിറ്റി റൈഡ്’, വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് ഓപ്പണ്‍ ഡെക്ക് സര്‍വീസ് നടത്തുക. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് പലഹാരവും ശീതളപാനീയങ്ങളും ലഭ്യമാക്കും.

ഡേ & നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ചെടുക്കുന്നവര്‍ക്കായി ഒരു ദിവസം 350 രൂപയുടെ ടിക്കറ്റാകും ലഭ്യമാക്കുക. രാവിലെ 9ന് കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ഡേ റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം പ്ലാനറ്റേറിയം, സ്റ്റാച്യു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഭക്ഷണത്തിനായി ഇടവേളയുമുണ്ട്. സിറ്റി റൈഡുകള്‍ക്കു നിലവില്‍ ഫോണ്‍ ബുക്കിങ് സംവിധാനം മാത്രമാണുള്ളത്.

നഗരത്തിന്റെ പ്രകൃതിസൗന്ദര്യം വാനോളം ആസ്വദിച്ച് ബസില്‍ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ ഉച്ചത്തില്‍ പാട്ടുകേട്ട് കഥകള്‍ പറഞ്ഞ് ലഘുഭക്ഷണം കഴിച്ച് യാത്രകള്‍ ആസ്വദിക്കാം. യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്കായി തീര്‍ത്തും നവ്യാനുഭവമാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സര്‍വീസ് ആരംഭിക്കുന്നത്.

തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് സര്‍വീസ് കടന്നു പോകുന്നതും. കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമ തന്നെയാണ്. നമുക്ക് വേണ്ടി വ്യത്യസ്തമായ സര്‍വീസുകള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ അതിനെ പ്രേത്സാഹിപ്പിക്കുകയും അതിന് പ്രചോദനം നല്‍കുകയുമാണ് ഒരു മലയാളി എന്ന രീതിയില്‍ നമ്മേള്‍ ചെയ്യേണ്ടത്….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News