Prem Nazeer: പ്രേംനസീറിന്റെ വീട് വില്‍പ്പനയ്ക്കെന്ന പ്രചാരണം തെറ്റ്; പ്രതികരിച്ച് മകൾ റീത്ത

പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്‌ക്കെന്ന പ്രചാരണം തെറ്റെന്ന് ഇളയ മകള്‍ റീത്ത. റീത്തയുടെ ഉടമസ്ഥതയിലാണ് വീട്. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത ഒരു മാധ്യമത്തോട് പറഞ്ഞു.

എവിടെ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നറിയില്ല. പത്രമാധ്യമങ്ങളിലൊക്കെ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടു. അതില്‍ യാഥാര്‍ഥ്യമില്ല. വീടും പറമ്പും നോക്കാനാളില്ലാത്തതിനാലാണ് ഓഹരിയായി ലഭിച്ച വീടും പുരയിടവും വില്‍ക്കാനായി ഇപ്പോഴത്തെ അവകാശികള്‍ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

ചിറയിന്‍കീഴ് പുളിമൂട് ജങ്ഷനു സമീപം കോരാണി റോഡില്‍ കാട്ടുമുറാക്കല്‍ പാലത്തിനു സമീപമാണ് പ്രേംനസീര്‍ എന്ന് പേര് പതിപ്പിച്ചിട്ടുള്ള ഇരുനില വീട് നിലകൊള്ളുന്നത്. അറുപതോളം വര്‍ഷം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടുകളൊന്നുമില്ല. പ്രേംനസീര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 31 വര്‍ഷമാകുന്നു.

പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത്. പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്. അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകള്‍ക്ക് നല്‍കി.

മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാണ്. പ്രേംനസീറിന്റെ വീട് കാണാന്‍ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍നിന്നും ചിറയിന്‍കീഴില്‍ എത്തുന്നത്.

സിനിമാരംഗത്തുള്ളവരും വീട് കാണാന്‍ എത്താറുണ്ട്. ചിറയിന്‍കീഴിനെ ലോകപ്രസിദ്ധമാക്കിയ മഹാപ്രതിഭയുടെ വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News