കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകി. വിവിധ യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ശമ്പള കാരാർ പ്രകാരം അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിൽ മാനേജ്മെന്റിന്റെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു മന്ത്രി തല ചർച്ച.
എന്നാൽ KSRTCക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സഹായം തുടരുമെന്നും തൊഴിലാളി യൂണിയനുകൾ പണിമുടക്കിന്ന് പോയി KSRTCയെ കൂടുതൽ പ്രതിസന്ധിയിലാക്കരുതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
സിഐടിയു ഉൾപ്പെടെയുള്ള അംഗീകൃത ട്രേഡ് യൂണിയൻ സംഘടനമായി വെവ്വേറെയുള്ള ചർച്ചയാണ് മന്ത്രി നടത്തിയത്. ശമ്പള പ്രതിസന്ധി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ കൈകൊണ്ടത് . എല്ലാ മാസവും അഞ്ചിനകം ശമ്പളം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയിൽ പങ്കെടുത്ത ശേഷം CITU സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
എന്നാല്‍ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ യൂണിയനുകൾ പറഞ്ഞു. സർവ്വീസുകൾ കൂടുതൽ നടത്തി വരുമാനം വർദ്ധിപ്പിക്കണമെന്ന നിർദേശമാണ് യൂണിയനുകൾ ഒന്നടങ്കം മുന്നോട്ട് വെച്ചത്.. ഇതിൽ മാനേജ്മെന്റിന് പൂർണ പിന്തുണ നൽകുമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി..
അതേസമയം കെ സ്വിഫ്റ്റിനു പിന്നാലെ കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസുകളില്‍ നടത്തുന്ന ‘സിറ്റി റൈഡ്’ സര്‍വീസുകളും വമ്പന്‍ ഹിറ്റായിരുന്നു. സര്‍വീസ് തുടങ്ങി ഒരാഴ്ച തികയും മുന്‍പു വിനോദസഞ്ചാരികളുടെയും കെഎസ്ആര്‍ടിസി പ്രേമികളുടെയും യാത്രക്കാരുടെയും ഇടയില്‍ പ്രിയങ്കരമായി മാറിയിരിക്കുകയാണ് സിറ്റി റൈഡ്.
ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടര്‍ന്നുള്ള 4 ദിവസങ്ങള്‍ക്കുള്ളില്‍ 27,000 രൂപയാണ് ഡബിള്‍ ഡെക്കറിലൂടെ കെഎസ്ആര്‍ടിസിയുടെ പോക്കറ്റില്‍ വീണത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീരുകയാണ്. റൈഡിന്റെ പ്രചാരണാര്‍ഥം ഇന്നലെ വൃദ്ധസദനത്തിലെ 54 അന്തേവാസികള്‍ക്ക് സൗജന്യ സര്‍വീസ് നടത്തി.
മുകള്‍വശം തുറന്നിരിക്കുന്ന ഇരുനില ബസിലാണ് യാത്ര. താഴെ 28 സീറ്റുകളും മുകള്‍നിലയില്‍ 39 സീറ്റുകളുമാണ് ഉള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുള്ള ‘ഡേ സിറ്റി റൈഡ്’, വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുള്ള ‘നൈറ്റ് റൈഡ്’ എന്നിങ്ങനെ രണ്ടു തരം സര്‍വീസുകളാണുള്ളത്.
രണ്ടിലും ടിക്കറ്റ് നിരക്ക് 250 രൂപ. പ്രാരംഭ ഓഫര്‍ ആയി 200 രൂപ നല്‍കിയാല്‍ മതി. ഡേ, നൈറ്റ് റൈഡുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കു 350 രൂപയുടെ ടിക്കറ്റും ലഭ്യം. യാത്രക്കാര്‍ക്ക് വെല്‍കം ഡ്രിങ്ക്, സ്‌നാക്‌സ് തുടങ്ങിയവയും ഇതിനോടൊപ്പം ലഭിക്കും.
രാവിലെ 9ന് കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ഡേ റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം പ്ലാനറ്റേറിയം, സ്റ്റാച്യു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഭക്ഷണത്തിനായി ഇടവേളയുമുണ്ട്.
സിറ്റി റൈഡുകള്‍ക്കു നിലവില്‍ ഫോണ്‍ ബുക്കിങ് സംവിധാനം മാത്രമാണുള്ളത്. സീറ്റ് ബുക്ക് ചെയ്യുന്നതിനായി പേര്, മൊബൈല്‍ നമ്പര്‍, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതി, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ 9447479789, 8129562972 എന്നീ നമ്പറുകളിലേക്കു വാട്‌സാപ് ചെയ്യണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.