Anganwadi : അങ്കണവാടികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി

സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി.

ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളിൽ നൽകാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സുപ്രീം കോടതി അറിയിച്ചു..

1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.

കൊറോണ വൈറസിന് എതിരെ രാജ്യം നടത്തിയ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് അങ്കണവാടി ജീവനക്കാര്‍ വഹിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ സേവന വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേര്‍സ് യൂണിയന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

യൂണിയന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി. സുപ്രീംകോടതി വിധി ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വവര്‍ക്കേര്‍സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍ സ്വാഗതം ചെയ്തു. വിധി ഉടന്‍ നടപ്പാക്കണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ആര്‍. സിന്ധു ആവശ്യപ്പെട്ടു.

അതേസമയം അങ്കണവാടികൾവഴി നൽകുന്ന സേവനത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മാർക്കിടുന്നു. മികവിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നീ വിഭാഗങ്ങളിലായി ഗ്രേഡും നൽകും. മേയ് 15-നകം പരിശോധന നടത്തി ഗ്രേഡ് നൽകും.

അങ്കണവാടി കെട്ടിടം, ശൗചാലയസൗകര്യം, കളിസ്ഥലം, കുട്ടികളുടെ എണ്ണം, സുരക്ഷ, ഭവനസന്ദർശനം, കൗമാര ക്ലബ്ബ് തുടങ്ങിയ 26 കാര്യങ്ങൾ പരിശോധിച്ചാണ് മാർക്കിടുന്നത്. 75 മുതൽ 100 മാർക്കുവരെ ലഭിക്കുന്നവ എ വിഭാഗത്തിലും 50 മുതൽ 74 വരെയുള്ളവ ബിയിലും 36 മുതൽ 49 വരെയുള്ളവ സിയിലും 35ന് താഴെയുള്ളവ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും. ഓരോ വർഷവും 10 ശതമാനം അങ്കണവാടികളെങ്കിലും തൊട്ടടുത്ത ഗ്രേഡിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News