BJP: ഏകീകൃത സിവിൽകോഡുമായി വീണ്ടും ബിജെപി; ലക്ഷ്യം തെരഞ്ഞെടുപ്പ്

ഏകീകൃത സിവിൽകോഡ്‌ രാഷ്‌ട്രീയലക്ഷ്യത്തോടെ ബിജെപി(BJP) വീണ്ടും ചർച്ചയാക്കുന്നു. ഇക്കൊല്ലവും 2023ലും നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വർഗീയധ്രുവീകരണം സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാനാണിത്‌.

രാജ്യസഭയിൽ(Rajyasabha) എൻഡിഎയ്‌ക്ക്‌(nda) ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല്‌ പാസാക്കാനാകില്ല. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കുമെന്നാണ്‌ വാദം. പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും ഉത്തർപ്രദേശിൽ നടപ്പാക്കുമെന്ന്‌ ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യ പറഞ്ഞു.

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളയൽ, രാമക്ഷേത്രനിർമാണം എന്നിവയ്‌ക്ക്‌ പിന്നാലെ അടുത്ത ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽപ്രദേശ്‌ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ, ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി പുഷ്‌കർസിങ്‌ ധാമി എന്നിവർ ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഭോപാലിൽ ബിജെപി(bjp) കോർകമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഏകീകൃത സിവിൽ കോഡിനായി പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലേത്‌ ‘പൈലറ്റ്‌ പദ്ധതി’യാണെന്നും അമിത്‌ഷാ വിശദീകരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ ഏകീകൃത സിവിൽകോഡ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയിൽ മതാടിസ്ഥാനത്തിലുള്ള നിയമത്തിന്‌ പകരം ഒറ്റ നിയമമെന്നതാണ്‌ ഏകീകൃത സിവിൽ കോഡ്‌.

ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഇതുണ്ടെങ്കിലും അടിച്ചേൽപ്പിക്കരുതെന്ന്‌ നിഷ്‌കർഷിക്കുന്നു. ഏതെങ്കിലും മതവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിച്ച്‌ നടപ്പാക്കരുതെന്ന്‌ ഭരണഘടന നിർമാണസഭയിൽ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞിരുന്നു. രാജ്യസഭയിൽ ബിജെപി സ്വകാര്യബില്ലായി അവതരിപ്പിക്കാൻ ശ്രമിച്ചത് ഇടതുപക്ഷ എംപിമാർ ശക്തമായി എതിർത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News