Maharashtra : മഹാരാഷ്ട്രയിൽ ഹനുമാൻ സ്തുതി വിവാദം കയ്യാങ്കളിയിലേക്ക്

ബിജെപി( bjp )യുടെ വെല്ലുവിളിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് മഹാരാഷ്ട്ര( Maharashtra )  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ( Uddhav Thackeray ). നേർക്ക് നേർ പോരാട്ടത്തിന് തയ്യാറാണെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. മസ്‌ജിദുകളിലെ ഉച്ചഭാഷിണി മെയ് മൂന്നിനകം നീക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതമുണ്ടാകുമെന്നും എം എൻ എസ് നേതാവ് രാജ് താക്കറെ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ബിജെപി സർക്കാരിനെതിരെ രംഗത്തെത്തിയത്.

മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് കിരിത് സോമയ്യക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നു. സംഭവത്തിൽ നാല് ശിവസേന നേതാക്കൾ അറസ്റ്റിലായി. ഹനുമാൻ സ്തുതി വിവാദവുമായി ബന്ധപ്പെട്ട് റാണെ ദമ്പതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സോമയ്യക്ക് നേരെ കല്ലേറുണ്ടായത്.

പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശിവസേന സർക്കാർ ശ്രമിക്കുന്നതെന്നും നേർക്ക് നേർ പോരാട്ടത്തിന് തയ്യാറണെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പത്രസമ്മേളനത്തിലൂടെ വെല്ലുവിളിച്ചു.ബിജെപിയുടെ വെല്ലുവിളിക്കും രാഷ്ട്രീയ നീക്കങ്ങൾക്കും മുന്നിൽ മുട്ടു മടക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

കപട ഹിന്ദുത്വ വാദികളാണ് ഹനുമാൻ ചാലിസയുമായി മഹാരാഷ്ട്രയിൽ പ്രകടനങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ശിവസേന പ്രവർത്തകരെ പ്രകോപിപ്പിച്ചാൽ ചുട്ട മറുപടി കിട്ടുമെന്നും ഗുണ്ടായിസം മഹാരാഷ്ട്രയിൽ വേണ്ടെന്നും ഉദ്ധവ് താക്കറെ താക്കീത് നൽകി. ഇത്തരം ഗുണ്ടായിസങ്ങളെ പ്രതിരോധിക്കാൻ ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു .

തന്റെ വസതിക്ക് മുന്നിൽ ഹനുമാൻ സ്തുതി അർപ്പിക്കുന്നതിനോട് വിരോധമില്ലെന്നും എന്നാൽ അനുമതി തേടാനുള്ള മര്യാദ കാട്ടണമെന്നും ഉദ്ധവ് താക്കറെ ഓർമിപ്പിച്ചു.

മുംബൈയടക്കമുള്ള കോർപ്പറേഷനുകളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രകടനങ്ങളെന്നും മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റൗത് പറഞ്ഞു.

മസ്‌ജിദുകളിലെ ഉച്ചഭാഷിണി മെയ് മൂന്നിനകം നീക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതമുണ്ടാകുമെന്നും എം എൻ എസ് നേതാവ് രാജ് താക്കറെ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ ദിവസം റാണെ ദമ്പതികൾ ഉദ്ധവ് താക്കറെക്കെതിരെ രംഗത്തെത്തിയതും അറസ്റ്റിലായതും.

ഹനുമാൻ ചാലിസ രാജ്യദ്രോഹമാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു പത്രസമ്മേളനത്തിൽ ഹനുമാൻ സ്തുതി ചൊല്ലിയാണ് ഫഡ്‌നാവിസ് സർക്കാരിനെ വെല്ലുവിളിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News