Manju Warrier : “മഞ്ജുവിന്റെ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റാകാൻ നടന്നു, ഇന്ന് ഒപ്പം അഭിനയിക്കുന്നു”; ജയസൂര്യ | Jayasurya

ജയസൂര്യയും ( Jayasurya ) മഞ്ജു വാര്യരും (Manju Warrier ) ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറെ പ്രമോഷൻ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്.

വർഷങ്ങൾക്ക് മുൻപ് മഞ്ജു വാര്യർ പ്രധാന കഥാപാത്രമായ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട താൻ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ച് ജയസൂര്യ, ചിത്രത്തിൻറെ പ്രമോഷൻ പരിപാടി വേദിയിൽ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘ഇന്ന് ഇവിടെ നിൽക്കുമ്പോൾ വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. സന്തോഷം എന്താണെന്നു വച്ചാൽ എന്റെ സുഹൃത്ത് പ്രജേഷിന്റെ കൂടെയുള്ള മൂന്നാമത്തെ ചിത്രം. അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോൾ തുടങ്ങിയ സൗഹൃദമാണ്. ഫുക്രി എന്ന സിനിമയിലാണ് പ്രജേഷിനെ ഞാൻ പരിചയപ്പെടുന്നത്. അവിടെവച്ചാണ് ക്യാപ്റ്റന്റെ കഥ പറയുന്നത്. ഒരു സീൻ പറഞ്ഞപ്പോൾത്തന്നെ ഒരു സിനിമയായിട്ട് മനസ്സിൽ വന്നുകഴിഞ്ഞു.

അത്രയും മനോഹരമായിട്ടാണ് പ്രജേഷ് ഒരു സീൻ വിവരിക്കുന്നത്. അങ്ങനെ ക്യാപ്റ്റൻ വി.പി. സത്യൻ എന്ന കഥാപാത്രം ചെയ്യണം എന്ന ചിന്ത വന്നത് പ്രജേഷിന്റെ വിവരണം കേട്ടിട്ടാണ്. ക്യാപ്റ്റൻ ചെയ്യാൻ കഴിഞ്ഞു. അത് എല്ലാവര്ക്കും ഇഷ്ടപ്പെട്ട സിനിമയായി.രണ്ടാമതാണ് വെള്ളം എന്ന ചിത്രം ചെയ്തത്. അതിലും ഇതുപോലെ ഒരു യഥാർഥ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായി.

വീണ്ടും ഞങ്ങൾ ഇതാ ഒന്നിക്കുന്നു. ഒരു ആത്മാർഥ സുഹൃത്തിനൊപ്പം ഒരു സിനിമ ചെയ്യുമ്പോ വല്ലാത്തൊരു സുഖമാണ്. ഞങ്ങൾ തമ്മിലുള്ള ആശയ ഭിന്നത ഒരു ഭാഗത്തു നടക്കും. പക്ഷേ അതെല്ലാം സംസാരിക്കുന്നത് എന്റെ ഈഗോയെ സംതൃപ്തിപ്പെടുത്താനോ അദ്ദേഹത്തിന്റെ ഈഗോയെ മുറിവേൽപ്പിക്കാനോ അല്ല. ഞങ്ങൾ സംസാരിക്കുന്നത് സിനിമയുടെ ആശയങ്ങളെക്കുറിച്ച് മാത്രമാണ്. ആ ഒരു പോസിറ്റീവ് വൈബ് ഉള്ളതുകൊണ്ടു തന്നെയാണ് ഞങ്ങൾ ഇനിയും ഒരുമിച്ച് സിനിമകൾ ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്.

അഭിമാനം തോന്നുന്ന കാര്യം മഞ്ജു വാരിയരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. വർഷങ്ങൾക്ക് മുമ്പ് പത്രം എന്ന സിനിമയിൽ മഞ്ജു വാരിയർ നായികയായി അഭിനയിക്കുമ്പോൾ അതിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് എങ്കിലും ആകാനായി പല ദിവസം ഞാൻ നടന്നിട്ടുണ്ട്. അതിൽ ഒരു ദിവസം ദൂരെ നിന്ന് മഞ്ജുവാരിയരുടെ അഭിനയം കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. പിന്നീട് ആ സിനിമയിൽ കുറേ പത്രക്കാർ ഇരിക്കുന്ന കൂട്ടത്തിൽ രണ്ടാമത്തെ റോയിൽ ഇരിക്കാൻ അവസരം തന്നു.

അന്ന് ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാരിയർ എന്ന് പറയുന്ന ബ്രില്ല്യന്റ് ആയ താരത്തിന്റെ കൂടെ അഭിനയിച്ചു എന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു കാര്യം തന്നെയാണ്. ഞാൻ അന്ന് മുതൽ ഒരുപാട് ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജുവാരിയർ. ചില വ്യക്തിത്വങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ സ്വാധീനിക്കാറുണ്ട്, മമ്മൂക്ക, ലാലേട്ടൻ, അതുപോലെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച ഒരു വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജു. അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമാണ്.

വളരെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ എന്തു കാര്യവും പറയാൻ പറ്റുന്ന ഒരു വ്യക്തിയാണ് മഞ്ജു. ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ ഞാൻ കണ്ടിട്ടില്ല. സീനിയോറിറ്റി ഒന്നും നോക്കാതെ ഇന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നതു കൊണ്ടു തന്നെയാണ് മഞ്ജു ഇന്ന് സൂപ്പർസ്റ്റാർ ആയിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും എനിക്ക് ഒരുപാട് സിനിമകൾ മഞ്ജുവിനെ കൂടെയും പ്രജേഷിന്റെ കൂടെയും ശിവദയുടെ കൂടെയുമൊക്കെ വർക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

നിർമാതാവായ രാകേഷേട്ടനോടൊപ്പം ഞാൻ ആദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത്. അദ്ദേഹം വളരെ സ്വീറ്റ് ആയ വ്യക്തിയാണ്. രാജേഷ് ഏട്ടനോട് സംസാരിച്ചു കഴിഞ്ഞാൽ അടുത്ത അഞ്ചു സിനിമ അദ്ദേഹത്തിന് ഫ്രീയായി ചെയ്തു കൊടുക്കാൻ തോന്നും. ഇത് സുഖിപ്പിച്ച് ഒന്നും പറഞ്ഞതല്ല. അത്രയ്ക്കും സ്വീറ്റ് ആയ ഒരു വ്യക്തിയാണ് അദ്ദേഹം. സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്.

മേരി ആവാസ് സുനോയുടെ ആദ്യത്തെ ക്യാമറാമാൻ നൗഷാദാണ്. അദ്ദേഹത്തിന് അസുഖമായി ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വിനോദ് ഇല്ലംപള്ളി വരുന്നത്. പിന്നെ ഇടയ്ക്ക് ഒരു പാച്ച് മധു ചേട്ടൻ ചെയ്തിരുന്നു. അതുപോലെതന്നെ ആത്മാർഥമായി സിനിമയോടൊപ്പം വർക്ക് ചെയ്ത വിഷ്ണു, ജെബിൻ, എഡിറ്റർ അങ്ങനെ ഒരുപാട് പേരുടെ കഠിനാധ്വാനം കാരണമാണ് ഞങ്ങൾ ഇന്ന് ഇവിടെ നിൽക്കുന്നത്. ഈ സിനിമയുടെ അണിയറ പ്രവർത്തകരെയെല്ലാം ഞാൻ ഇവിടെ ഓർക്കുകയാണ്

ഇന്നത്തെ സ്റ്റാർ ഓഫ് ദ് ഡേ ജയേട്ടനാണ് (എം ജയചന്ദ്രൻ). അദ്ദേഹമാണ് ഇന്നിവിടെ വരേണ്ട ഒരാൾ. ഞങ്ങൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ചേട്ടൻ എന്തു തൊട്ടാലും അതിൽ ഒരു ആത്മാവ് ഉണ്ടാകും. അദ്ദേഹത്തിന്റെ സൂഫിയും സുജാതയും എന്ന സിനിമയിൽ എനിക്കൊരു ഭാഗമാകാൻ കഴിഞ്ഞു. അദ്ദേഹത്തിന് അതിന് സ്റ്റേറ്റ് അവാർഡ് ഉണ്ടായിരുന്നു. ഈ സിനിമയിലും വളരെ മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് ശിവദയുമായുള്ള എന്റെ സൗഹൃദം തുടങ്ങുന്നത്. എനിക്ക് തോന്നുന്നു ഒരുപാട് നല്ല കഥാപാത്രങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്ന ബ്രില്ല്യന്റ് ആയ ഒരു നടിയാണ് ശിവദ. സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുപിടി ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ ഭാഗ്യം എനിക്കുണ്ടായി.

ഇന്ന് നിങ്ങൾ എല്ലാവരും വന്നതിന് മേരി ആവാസ് സുനോ കുടുംബത്തിന്റെ പേരിൽ ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. ചില നിമിഷങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഈ ഒരു നല്ല നിമിഷവും ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു.’

വീഡിയോ കാണാന്‍ തന്നിരിക്കുന്ന https://fb.watch/cDk9cbqEb8/ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here