Elamaram Kareem : ഒരു വിഭാഗം മാധ്യമങ്ങൾ യുഡിഎഫിന്റെയും ബിജെപിയുടെയും ഘടക കക്ഷികളായി മാറുന്നു : എളമരം കരീം

യുഡിഎഫിന്റെയും (UDF) ബിജെപി(BJP)യുടെയും ഘടകകക്ഷികളായി കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ മാറുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി(Elamaram Kareem) പറഞ്ഞു. എൽഡിഎഫ്‌ സർക്കാരിനെതിരെ പത്താളുകൾ മാത്രം നടത്തുന്ന സമരത്തെ സാങ്കേതിക വിദ്യകൾ വഴി നൂറാളാക്കി കാണിക്കുകയാണ്‌. BEFI പതിനാലാമത്‌ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി യുവജനങ്ങൾക്ക്‌ തൊഴിലവസരമൊരുക്കുന്നു. കെ റെയിൽ അർധ അതിവേഗ പാതയൊരുക്കി ഗതാഗതക്കുരുക്കിന്‌ പരിഹാരം തേടുകയാണ്‌.അപകടരഹിതമായ പ്രകൃതി പാചകവാതകം പൈപ്പ്‌വഴി വീടുകളിൽ എത്തിക്കുകയാണ്‌. ഇത്തരത്തിൽ മനുഷ്യ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള ബദൽ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌.

കെ റെയിലിന്റെ പേരിൽ നടക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് ബഹുജന പിന്തണുയില്ല. കഴിഞ്ഞ ദിവസം കണ്ണൂരിൽ പുറത്തുനിന്നുള്ള ആളുകളെയാണ്‌ സമരത്തിനിറക്കിയത്‌. ചാനൽ പിന്തുണയോടെ നടത്തുന്ന ഇത്തരം സമരങ്ങൾക്ക്‌ ആയുസുണ്ടാവില്ല. വികസനത്തിന്റെ കാര്യത്തിലും ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിലും കേരള സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങൾ മാതൃകാപരവും രാജ്യത്താകമാനം ചർച്ച ചെയ്യപ്പെടുകയാണ്‌.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട്‌ ലക്ഷ്യമിട്ട്‌ ബിജെപിയും സംഘപരിവാർ ശക്തികളും രാജ്യത്തെമ്പാടും അക്രമങ്ങളും വർഗീയ ചേരിതിരിവും ബോധപൂർവം സൃഷ്ടിക്കുകയാണ്‌. ഭരണകൂട ഭീകരതയുടെ പ്രതീകമായി ജെസിബി മാറുകയാണ്‌. വർഗീയതക്കെതിരെ വർഗ ഐക്യം വളർത്തിയെടുക്കാനാവണം. ഇന്ത്യൻ സമ്പദ്ഘടന പൂർണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തിരിക്കുന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി ചർച്ചകൾ പോലും നടത്താതെയാണ് ബില്ലുകൾ പാസാക്കി എടുക്കുന്നത്.

ബാങ്ക് സ്വകാര്യവൽക്കരണ ബിൽ കഴിഞ്ഞ പാർലമെന്റ് സെഷനിൽ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ബാങ്ക് ജീവനക്കാരുടെ സമരശക്തി കണ്ട്‌ തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്. സ്ഥിരം തൊഴിൽ എന്നത് ഇല്ലാതാകുകയാണ്. നിശ്ചിതകാല ജോലി എന്നത് നടപ്പിലാക്കപ്പെടുന്നു.

ഓൺലൈൻ ഇടപാടുകൾ വർദ്ധിക്കുന്നതോടൊപ്പം ഫിൻടെക് കമ്പനികൾ വ്യാപിക്കുന്നതോടെ ബാങ്കിംഗ് മേഖലയിലെ തൊഴിലസരങ്ങളും കൂടുതലായി ഇല്ലാതാകും. കൂട്ടായ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തെ കർഷകർ നേടിയ വിജയം മാതൃകയാക്കി യോജിച്ച പോരാട്ടത്തിന് ബാങ്കിംഗ് മേഖലയിലെയും ഇതര മേഖലകളിലെയും തൊഴിലാളികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News