Murukan Kaattakkada: മാതൃഭാഷ സംസാരിക്കാനാകാത്ത ജനതയ്ക്ക് ആത്മാവുണ്ടാകില്ല: മുരുകന്‍ കാട്ടാക്കട

സ്വന്തം ഭാഷയെക്കുറിച്ച് ബോധമില്ലാത്ത, അതിലെ സാഹിത്യത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും അറിവില്ലാത്ത, സ്വന്തം ഭാഷ അന്തസായി ആത്മാഭിമാനത്തോടെ സംസാരിക്കാന്‍ ശേഷിയില്ലാത്ത ഒരു ജനതയ്ക്ക് ആത്മാവുണ്ടാകില്ലെന്നും പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട പറഞ്ഞു.

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ ദശവാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി മുരുകന്‍ കാട്ടാക്കട.

മാതൃകാപരവും അനുകരണീയവുമായ പ്രവര്‍ത്തനം കൊണ്ട് മലയാളം മിഷനെ ധന്യമാക്കിയിട്ടുള്ള ഒരു ചാപ്റ്ററാണ് മുംബൈ ചാപ്റ്റര്‍. അതിധന്യമായ കര്‍മ്മം ചെയ്യുന്ന, നിഷ്‌ക്കാമമായി സ്വന്തം സംസ്‌കാരത്തിനും ഭാഷക്കും മണ്ണിനും വേണ്ടി ലോകം മുഴുവന്‍ പ്രയത്‌നിക്കുന്ന മലയാളം മിഷന്‍ അദ്ധ്യാപകരെ അദ്ദേഹം ആദരവോടെ അഭിനന്ദിച്ചു. അന്തസുള്ള, അഭിമാനമുള്ള ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും ഉടമകളാണ് മലയാളികളെന്നും അത് നമ്മുടെ മക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും കാട്ടാക്കട കൂട്ടിച്ചേര്‍ത്തു.

ലോക കമ്പോളത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി കുട്ടികളെ ഈ കമ്പോളത്തില്‍ നന്നായി വിറ്റുപോകുന്ന ഉല്‍പ്പന്നങ്ങളാക്കാന്‍ വേണ്ടി കഠിനശ്രമം നടത്തുന്നതിനിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുത്തിക്കളയുന്ന കുറെ കാര്യങ്ങളുണ്ട്. അതില്‍പ്പെടുന്നു നമ്മുടെ സംസ്‌കാരവും ഭാഷയുമെല്ലാം. അതിനെ തിരിച്ചു പിടിക്കുക എന്ന ഗംഭീരമായ പ്രവര്‍ത്തിയാണ് മലയാളം മിഷന്‍ ചെയ്യുന്നതെന്നും കവി സദസിനെ ഓര്‍മ്മപ്പെടുത്തി.

മലയാളം മിഷന്‍ നവിമുംബൈ മേഖലയിലെ കുട്ടികള്‍ അവതരിപ്പിച്ച ആമുഖഗാന നൃത്താവിഷ്‌കാരത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തില്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് നോവലിസ്റ്റ് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, എസ് ശ്യാംകുമാര്‍ (നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍), ജി. രാജീവ് (മാനേജര്‍, കേരള ഹൌസ്), ടി.എന്‍.ഹരിഹരന്‍ (പ്രസിഡന്റ്, കേരളീയ കേന്ദ്ര സംഘടന), കെ.പവിത്രന്‍ (ജോ.സെക്രട്ടറി കേരള പീപ്പിള്‍സ് എജുകേഷന്‍ സൊസൈറ്റി), റീന സന്തോഷ് (അദ്ധ്യക്ഷ, മലയാള ഭാഷാ പ്രചാരണ സംഘം) തുടങ്ങിയവര്‍ വേദി പങ്കിട്ടു.

സമാപന സമ്മേളനത്തിന് ശേഷം മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള ഒമ്പത് മേഖലകളിലെ പഠിതാക്കളും അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നിറപ്പകിട്ടേകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News