Bijisha: ബിജിഷയുടെ ആത്മഹത്യയ്ക്കിടയാക്കിയത് ഓണ്‍ലൈന്‍ റമ്മി കളി

കോഴിക്കോട് ചെങ്ങോട്ടുകാവ് ചേലിയ സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്കിടയാക്കിയത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തിനിടെ റമ്മി കളിച്ച് ഒരു കോടി രൂപയ്ക്കടുത്താണ് ബിജിഷ കടക്കെണിയിലായത്.

കഴിഞ്ഞ ഡിസംബര്‍ 11നാണ് വീട്ടില്‍ മരിച്ച നിലയില്‍ ബിജിഷയെ കണ്ടെത്തിയത്. ബി.എഡ്. ബിരുദധാരിയായ ബിജിഷ സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരി ആയിരുന്നു. മരിക്കുന്ന ദിവസം ജോലിക്ക് പോകും മുന്‍പ് നാട്ടിലെ ചിലരോട് ബിജിഷ പണം കടം ചോദിച്ചിരുന്നു. പണം കിട്ടാതായതോടെ വീട്ടില്‍ മടങ്ങിയെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മരണ ശേഷം പണം ആവശ്യപ്പെട്ട് ബിജിഷയ്ക്ക് വന്ന ഫോണ്‍ കോളാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്.

കൊയിലാണ്ടി പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാതാപിതാക്കളില്‍ നിന്നും പല പ്രാവശ്യം ബിജിഷ പണം വാങ്ങിയിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. വിവാഹത്തിനായി അച്ഛന്‍ വാങ്ങി വച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാരോട് പറയാതെ പണയപ്പെടുത്തിയിരുന്നു. ഇതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു ബിജിഷയുടെ ഇടപാടുകള്‍ മുഴുവന്‍. കൊവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് തിരിഞ്ഞത്. തുടക്കത്തില്‍ ലാഭം കിട്ടിയതോടെ പരിചയക്കാരോടും വായ്പ വാങ്ങി റമ്മി കളിച്ചു. പണം നഷ്ടമായി തുടങ്ങിയതോടെ ഓണ്‍ലൈനില്‍ വായ്പ എടുത്തു. ഒടുവില്‍ വന്‍ തുക കടത്തിലായി. എന്നാല്‍ സാമ്പത്തിക കരുക്കിനെ കുറിച്ച് ആരോടും പൂര്‍ണമായും മനസ് തുറക്കാന്‍ ബിജിഷ തയ്യാറായിരുന്നില്ല. മരണശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍ വിളി വരുകയോ, ബിജിഷയെ തേടി ആളുകളെത്തുകയോ ചെയ്തില്ലെന്ന് കുടുംബം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News