Vaikom: വൈക്കം അങ്കണവാടി കെട്ടിടം അപകടം; ഐ.സി.ഡി.എസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍

വൈക്കം നഗരസഭയിലെ നാലാം നമ്പര്‍ അങ്കണവാടി കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായ സാഹചര്യത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ഐ.സി.ഡി.എസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അനീറ്റ സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. അങ്കണവാടി കെട്ടിടത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതില്‍ വീഴ്ചവരുത്തിയെന്ന ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം,സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സിഡിപിഒമാര്‍ക്കും നിര്‍ദേശം നല്‍കി. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി അവിടേയ്ക്ക് അങ്കണവാടികള്‍ മാറ്റി പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.

കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതുകൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കും. അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ സംഭവത്തില്‍ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News