K swift: ദീര്‍ഘദൂര യാത്രയ്ക്കായി 116 സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കും: മന്ത്രി അഡ്വ. ആന്റണി രാജു

ദീര്‍ഘദൂര യാത്രയ്ക്കായി 116 കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 5.15 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. പുതിയ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.ചങ്ങനാശ്ശേരി, കോട്ടയം, പാലാ ഡിപ്പോകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പഴക്കംചെന്ന ബസ് സ്റ്റാന്‍ഡുകള്‍ നവീകരിച്ച് പൊതുഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

സ്വിഫ്റ്റ് ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ച് യാത്രാ നിരക്ക് നിജപ്പെടുത്തിയതോടെ സ്വകാര്യ ബസുകളും ചാര്‍ജ്ജ് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനമുണ്ടായത്. 30 ബസുകളുടെ പെര്‍മിറ്റ് കിട്ടി ഇറക്കിയത് വരുമാനത്തിലും സേവനത്തിലും കെ.എസ്.ആര്‍.ടി.സി.ക്കു കരുത്തു പകരും. ഉപയോഗ്യശൂന്യമായ യാര്‍ഡുകളില്‍ കിടക്കുന്ന 976 ബസുകളില്‍ മൂന്നു തലത്തിലുള്ള നടപടി ക്രമങ്ങളിലൂടെ 200 ബസുകള്‍ വിറ്റുകഴിഞ്ഞു. 250 ബസുകള്‍ വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇത്തരം 300 ബസുകളെ ഷോപ്സ് ഓണ്‍ വീല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിക്കുന്നു. സ്വകാര്യ ബസുകളുള്‍പ്പെടെ കേരളത്തിലോടുന്ന ബസുകളില്‍ ഏറ്റവും മെച്ചപ്പെട്ട സംവിധാനങ്ങളുള്ള ബസാണ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നാല്‍പതിനായിരത്തോളം പെന്‍ഷന്‍കാര്‍ക്ക് സമയബന്ധിതമായി പെന്‍ഷന്‍ നല്കാന്‍ സാധിച്ചത് സഹകരണ വകുപ്പിന്റെ കുറഞ്ഞ പലിശയുള്ള വായ്പ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യബസുകളിലെ യാത്രാനിരക്ക് ഭീമമായിരിക്കുമെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര സര്‍വീസായ സ്വിഫ്റ്റ് ബസ്, ഗ്രാമങ്ങളിലേക്ക് ആനവണ്ടി, ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്ക് പ്രത്യേക വണ്ടികള്‍, ബസ് സ്റ്റേഷനുകളുടെ നവീകരണം എന്നിവ കെ.എസ്.ആര്‍.ടി.സി.യുടെ വികസനത്തിലേക്കുള്ള പാതയാണെന്ന് മന്ത്രി പറഞ്ഞു.
ബസ് ടെര്‍മിനലിലെ യാര്‍ഡിന്റെ നിര്‍മാണത്തിനായി രണ്ടുകോടി രൂപ അധികമായി അനുവദിച്ചതായി അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ആമുഖപ്രസംഗത്തില്‍ പറഞ്ഞു.

ചങ്ങനാശേരി നഗരസഭാധ്യക്ഷ സന്ധ്യാ മനോജ് മുഖ്യാതിഥിയായി. വാര്‍ഡംഗം ബീനാ ജോബ്, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, മദ്ധ്യമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. രമേഷ്, കെ.എസ്.ആര്‍.ടി.സി. മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗവും ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ ചെയര്‍മാനുമായ സണ്ണി തോമസ്, ഡി.റ്റി.ഒ. പി. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. ജോസഫ്, പി.എച്ച്. നാസര്‍, അഡ്വ. കെ. മാധവന്‍പിള്ള, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, മാത്യൂസ് ജോര്‍ജ്ജ്, ബാബു തോമസ്, ലിനു ജോബ്, ജോണ്‍ മാത്യു മൂലയില്‍, ജെയിംസ് കാലാവടക്കന്‍, നവാസ് ചുടുകാട്, മന്‍സൂര്‍, കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.എസ്. ശ്രീരാജ്, എസ്. നലീസ്‌കുമാര്‍, എസ്. സനില്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ഘട്ടങ്ങളിലായി 18 മാസംകൊണ്ടാണ് ബസ് ടെര്‍മിനല്‍ കോപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. യാത്രക്കാര്‍ക്ക് താല്‍ക്കാലിക ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. തുടര്‍ന്ന് നിലവിലെ സ്റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ചു നീക്കും. മൂന്നാംഘട്ടമായി ക്ലോക്ക് റൂം, വെയിറ്റിംഗ് റൂം, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം, ഭിന്നശേഷി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് എന്നിവയടക്കം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കും.

എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 5.15 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. പുതിയ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ നിര്‍മാണ ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കുന്നു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ., സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ സമീപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News