Gold Smuggling : സ്വർണ്ണം കടത്തിയ കേസ്; തൃക്കാക്കര നഗരസഭ വൈസ് ചെയർമാന് കസ്റ്റംസ് നോട്ടീസ്

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണ്ണം കടത്തിയ (Gold Smuggling) കേസില്‍ തൃക്കാക്കര (Thrikkakara) നഗരസഭ വൈസ് ചെയർമാന് കസ്റ്റംസ് നോട്ടീസ്.  രാവിലെ 9.30ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

നഗരസഭ വൈസ് ചെയർമാനും ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ്റെ വീട്ടിൽ നടന്ന കസ്റ്റംസ് പരിശോധന എറണാകുളത്ത് യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് ആസന്നമായ തൃക്കാക്കരയിൽ  സ്വർണ്ണക്കടത്ത് കേസ് എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ്  യു ഡി എഫ് നേതൃത്വം. നഗരസഭയിലെ പ്രതിപക്ഷവും, ഡി വൈ എഫ് ഐ യും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലീഗ് നേതാവിൻ്റെ വീട്ടിൽ നടന്ന കസ്റ്റംസ് റെയ്ഡിൻ്റെ ഞെട്ടലിലാണ് യു ഡി എഫ് നേതൃത്വം.  ഉപതെരഞ്ഞെടുപ്പ്  ഏത് നിമിഷവും പ്രഖ്യാപിക്കപ്പെടാവുന്ന തൃക്കാക്കരയിൽ  സ്ഥാനാർത്ഥി നിർണ്ണയം  കീറാമുട്ടിയായി നിൽക്കുമ്പോഴാണ് പുതിയ തലവേദന.

നഗരസഭാ വൈസ് ചെയർമാൻ കൂടിയായ ലീഗ് നേതാവിൻ്റെ മകൻ ഒളിവിലാണ്.  ഡ്രൈവർ കസ്റ്റംസ് പിടിയിലും. ലീഗ് നേതാവിൻ്റെ മകന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. മകൻ്റെ പേരിലുള്ള സ്ഥാപനത്തിലേക്ക് ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം പിടിച്ചത്.

ഇതിന് കോടികൾ വിലവരും. നിസ്സാരമായി വിശദീകരിക്കാൻ കഴിയുന്ന കേസ്സല്ല ഇതെന്നാണ് യു ഡി എഫ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ എന്നാൽ തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നാണ് മുസ്ലീം ലീഗ് നേതാവും നഗരസഭ വൈസ് ചെയർമാനുമായ ഇബ്രാഹിം കുട്ടിയുടെ വിശദീകരണം. നഗരസഭാ വൈസ് ചെയർമാൻ്റെ വീട്ടിൽ റെയ്ഡ് പുരോഗമിക്കുമ്പോൾ നഗരസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

വൈസ് ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ഇതിനിടെ നഗരസഭയിലേക്ക് മാർച്ച് ചെയ്തു. തൃക്കാക്കര നഗരസഭക്ക് നാണക്കേടുണ്ടാക്കിയ വൈസ് ചെയർമാൻ രാജിവക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

ആസന്നമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്ത് പ്രധാന വിഷയമായി മാറുമെന്ന് ഇതോടെ ഉറപ്പായി. വൈസ് ചെയർമാൻ്റെയോ മകൻ്റെയോ അറസ്റ്റ് നടന്നാൽ യു ഡി എഫ് കൂടുതൽ പ്രതിസന്ധിയിലാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News