Exam : സംസ്ഥാനത്ത്‌ രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു

സംസ്ഥാനത്ത്‌ രണ്ടാംവർഷ ഹയർ സെക്കൻഡറി ( Higher Secondary ) പരീക്ഷ അവസാനിച്ചു. പ്രയോഗിക പരീക്ഷ മെയ്‌ മൂന്നിന്‌ ആരംഭിക്കും. അന്ന്‌ പൊതു അവധിയാണെങ്കിൽ അടുത്ത ദിവസം തുടങ്ങും. ടൈംടേബിൾ സ്‌കൂളിന്‌ നിശ്ചയിക്കാം. ഒരേ സമയം 20 വിദ്യാർഥികളേ ലാബിൽ പാടുള്ളു.

ഹയർ സെക്കൻഡറി പരീക്ഷ  മൂല്യനിർണയത്തിന്‌ വ്യാഴംമുതൽ സംസ്ഥാനത്തെ 80 കേന്ദ്രത്തിൽ ക്യാമ്പ്‌ ആരംഭിക്കും. 20,000 അധ്യാപകർ 30 ലക്ഷം ഉത്തരക്കടലാസ്‌ മൂല്യനിർണയം നടത്തും. പ്രായോഗിക പരീക്ഷാ ദിവസങ്ങളിൽ മൂല്യനിർണയമില്ല. ജൂൺ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കും.

10 ശതമാനം ഫോക്കസ്‌ ഏരിയ വർധിപ്പിക്കുകയും 30 ശതമാനം ചോദ്യം മുഴുവൻ പാഠഭാഗങ്ങളിൽനിന്നും പരിഗണിച്ചായിരുന്നു പരീക്ഷ. ഇതിനെതിരായ യുഡിഎഫ്‌ സംഘടനകളുടെ പ്രചാരണം പരാജയപ്പെട്ടു.

എസ്‌എസ്‌എൽസി പരീക്ഷ വെള്ളിയാഴ്‌ച സമാപിക്കും. മെയ്‌ 12 മുതൽ സംസ്ഥാനത്തെ 70 കേന്ദ്രത്തിൽ 4,27,000 ഉത്തരക്കടലാസിന്റെ മൂല്യനിർണയം ആരംഭിക്കും. ഫലവും ജൂൺ പകുതിയോടെ പ്രസിദ്ധീകരിക്കും.

അതേസമയം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ ഒരു ദിവസം അധ്യാപകന്‍ മൂല്യ നിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനര്‍ നിശ്ചയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

പരമാവധി മാര്‍ക്ക് 150 ആയിരുന്നപ്പോള്‍ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ ആകെ 26ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ ആകെ 40 ആണ് മൂല്യനിര്‍ണയം നടത്തേണ്ടിയിരുന്നത്.

വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ ഇത് യഥാക്രമം 34ഉം, 50ഉം ആക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ അധ്യാപക സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 30ഉം,44ഉം ആയി പരിമിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് പേപ്പര്‍ ഒന്നിന് എട്ടു രൂപ നിരക്കില്‍ 240 രൂപയും ഡിഎ ഇനത്തില്‍ ഓരോ ദിവസവും 600 രൂപയും നല്‍കുന്നുണ്ട്. ക്യാംപുകളില്‍ എത്തുന്നതിന് യാത്രബത്തയും നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here