Kasargode: കാസര്‍കോഡ് അസംസ്‌കൃത വസ്തുക്കള്‍ മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍

കാസര്‍കോഡ് ചൗക്കിയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. മോഷ്ടിച്ച വസ്തുക്കള്‍ വാങ്ങിച്ച അസം സ്വദേശികളാണ് പിടിയിലായത്. ചൗക്കി മജലിലെ സ്ഥാപനത്തില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ അസം സ്വദേശികളായ സെയ്തുല്‍(26), റോബിയല്‍(22) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് വാണിയമ്പാറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മോഷണം പോയ അസംസ്‌കൃത വസ്തുക്കളും 50,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

സംസ്‌ക്കരിച്ച് സൂക്ഷിച്ച കന്നുകാലികളുടെ കുടലുകള്‍ അടക്കമുള്ള അസംസ്‌കൃതവസ്തുക്കളാണ് ചൗക്കി മജലിലെ കമ്പനിയില്‍ നിന്ന് മോഷണം പോയത്. അസമില്‍ നിന്നുള്ള ആറംഗ സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് പിടിയിലായ രണ്ട് പേരും. കവര്‍ച്ചക്കു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന സംഘം ഇവര്‍ക്ക് മോഷണ വസ്തുക്കള്‍ കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .

സ്ഥാപനത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളും കവര്‍ന്നിരുന്നു. സ്‌കൂട്ടറുകള്‍ പിന്നീട് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പതിനഞ്ചരലക്ഷത്തിലേറെ രൂപ വിലവരുന്ന വസ്തുക്കളാണ് മോഷണം പോയത്. ഇവര്‍ അറസ്റ്റിലായതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here