Adv K S Arunkumar: ഈ പദ്ധതി എങ്ങനെയാണ് സാര്‍ കേരളത്തെ രണ്ടായി വിഭജിക്കുന്നത്? ഇ ശ്രീധരനോട് ചോദ്യവുമായി അഡ്വ എസ് അരുണ്‍കുമാര്‍

കെ റെയിലുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഉന്നയിച്ച സംശയങ്ങള്‍ളെയും ആരോപണങ്ങളെയും ഖണ്ഡിച്ചു കൊണ്ട് 5 ചോദ്യങ്ങളുമായി അഡ്വ കെ എസ് അരുണ്‍കുമാര്‍. ഇ ശ്രീധരന്‍ ഉന്നയിച്ച സംശയങ്ങള്‍ളും ആരോപണങ്ങളും കണ്ടു. അതിന് മറുപടി പറയാന്‍ ഞാന്‍ ആളല്ലെന്നും ഒരു രാഷ്ടീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ കുറച്ചു സംശയങ്ങളുണ്ടെന്നുമാണ് അരുണ്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മനോരമ ദിനപത്രത്തില്‍ മെട്രോ മാന്‍ ശ്രീ .ഇ ശ്രീധരന്‍ ഉന്നയിച്ച സംശയങ്ങള്‍ / ആരോപണങ്ങള്‍

മനോരമ ദിനപത്രത്തില്‍ മെട്രോ മാന്‍ ശ്രീ .E ശ്രീധരന്‍ ഉന്നയിച്ച സംശയങ്ങള്‍ / ആരോപണങ്ങള്‍ കണ്ടു. അതിന് മറുപടി പറയാന്‍ ഞാന്‍ ആളല്ല. ഒരു രാഷ്ടീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ കുറച്ചു സംശയങ്ങള്‍ താഴെ കുറിക്കുന്നു.

??ചോദ്യം 1:?- സാര്‍ താങ്കളുടെ നേതൃത്വത്തില്‍ DMRC 2012-ല്‍ നടത്തിയ സാധ്യത പഠനത്തില്‍ 1.18 ലക്ഷം കോടി രൂപ മുടക്കി 5 വര്‍ഷം കൊണ്ട് അതിവേഗ പാത പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചില്ലേ?ആ പഠനത്തിന്റെ അടിസ്ഥാനത്തിലല്ലേ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി 2013 ഏപ്രില്‍ മാസത്തില്‍ അതിവേഗ പാതയുടെ പണി ആരംഭിച്ച് 2018-ല്‍ പൂര്‍ത്തികരിക്കും എന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. അന്ന് 5 വര്‍ഷം മതി അതിവേഗ പാത നിര്‍മ്മാണത്തിന് എന്നു പറഞ്ഞ താങ്കള്‍ ഇപ്പോള്‍ താരതമ്യേന അതിവേഗ പാതയെക്കാള്‍ കുറവ് സ്ഥലം ഏറ്റെടുത്ത് നടത്തുന്ന അര്‍ദ്ധ – അതിവേഗ പാതയുടെ കാര്യത്തില്‍ എന്തിനാണ് താങ്കള്‍ക്ക് ഇത്ര സംശയം? അതിവേഗ പാതക്ക് താങ്കള്‍ കണക്കുകൂട്ടിയത് 1.18 ലക്ഷം കോടി രൂപ ആയതിനാലാണ് 64000 കോടിയുടെ അര്‍ദ്ധ അതിവേഗ പാതയുടെ കാര്യത്തില്‍ നീതി ആയോഗ് ഈ തുക കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് സംശയം ഉന്നയിച്ചത്. എന്നാല്‍ കൃത്യമായ വിശദീകരണം കൊടുത്തപ്പോള്‍ നീതി ആ യോഗ് കാര്യങ്ങള്‍ ബോധ്യപ്പെട്ട് സംസ്ഥാന ഗവണ്‍മെന്റിനോട് ലോണ്‍ കാര്യങ്ങളുമായി മുന്നോട്ടു പോകാം എന്ന് അനുവാദം കൊടുത്തതായി താങ്കള്‍ക്ക് അറിവുള്ളതാണല്ലോ? നിര്‍മ്മാണത്തില്‍ ബഡ്ജറ്റില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണം ആകും എന്ന സംശയം കൊണ്ട് പദ്ധതികള്‍ ഉപേക്ഷിച്ചാല്‍ നമ്മുടെ രാജ്യത്ത് ഏതെങ്കിലും പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയുമോ?

??ചോദ്യം 2.? സില്‍വര്‍ ലൈനിന്റെ ഇരുവശത്തും 8 അടി ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വസ്തുതകളെ വളച്ചൊടിക്കുകയല്ലേ? ഇരുവശത്തും മതിലുകള്‍ ഉണ്ടാവില്ല എന്നും സുരക്ഷ മതില്‍ മാത്രമേ ഉണ്ടാകൂ എന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് താങ്കള്‍ മറന്നോ? 160 km – ല്‍ കൂടുതല്‍ വേഗതയുള്ള എല്ലാ പാതകള്‍ക്കും സംരക്ഷണ വേലികള്‍ വേണമെന്നത് ഇന്ത്യന്‍ റേയില്‍വേയുടെ നിയമമല്ലേ? രാജ്യത്ത് വിവിധ പാതകളില്‍ ഇത്തരം സംരക്ഷണ വേലികള്‍ ഉണ്ട്. ഓരോ അര കിലോമീറ്ററായും നിര്‍മ്മിക്കുന്ന അടി പാതക്കും മേല്‍പ്പാലത്തിനും ഉള്ള പണം പദ്ധതിയുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

??ചോദ്യം 3. ?സില്‍വര്‍ ലൈന്‍ 88 കിലോമീറ്റര്‍ ദൂരമാണ് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നത്. തൂണുകള്‍ സ്ഥാപിച്ച് മേല്‍പാലങ്ങളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. കൃത്യമായ പൈയിലിംഗ് നടത്തിയല്ലേ തൂണുകള്‍ സ്ഥാപിക്കുന്നത് എന്ന് താങ്കളെ പോലെയുള്ള ഒരു വിഗദ്ധന് അറിവുള്ളതല്ലേ? കേരളത്തിലെ ഇതേ ലൂസായ മണ്ണിലൂടെയല്ലേ നിലവിലെ റെയില്‍ സര്‍വ്വീസ് കടന്നു പോകുന്നത്? അപ്പോള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണ് അതേ മണ്ണില്‍ തന്നെ സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്നത് .

??ചോദ്യം 4. ?പദ്ധതിയുമായി ബന്ധപ്പെട്ട് തെക്ക്- വടക്ക് മതില്‍ ഇല്ല എന്നതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി നീരോഴുക്കിനെ ബാധിക്കില്ല. നിലവിലെ റെയില്‍പ്പാതയും നിരവധി എംബാങ്ക് മെന്റിലൂടെയല്ലേ കടന്നു പോകുന്നത്. റെയില്‍പാത കടന്നു പോകുന്നതു കൊണ്ട് കേരളത്തില്‍ ഒരിക്കലും പ്രളയം ഉണ്ടായിട്ടില്ല. നിരവധി ഓവുചാലുകളും കശവര്‍ട്ടുകളും നിര്‍മ്മിക്കും. ഹൈഡ്രോ ഗ്രാഫിക് പഠനത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ മുന്‍കരുതലും ഉറപ്പുവരുത്തും.

??ചോദ്യം 5.? കെ-റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കെണ്ട സ്ഥലം തീരുമാനിച്ചിരിക്കുന്നത് ലിഡാര്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്. സാറ്റ്‌ലറ്റ് ഉപയോഗിച്ചു കൊണ്ട് ഉള്ള പഠനത്തില്‍ 9400 ല്‍ താഴെ വീടുകളും 1383 ഹെക്ടര്‍ സ്ഥലവും ഏറ്റെടുക്കേണ്ടി വരും എന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. സാമൂഹ്യ ആഘാത പഠനം നടത്തിയാല്‍ മാത്രമല്ലേ വീടുകളുടെ എണ്ണത്തിലോ ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവിലോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നറിയാന്‍ കഴിയൂ. ആയതിനാല്‍ താങ്കള്‍ സാമൂഹ്യ ആഘാതപഠനത്തെ തടസപ്പെടുത്തുന്നവരോട് പഠനങ്ങള്‍ നടക്കട്ടെ എന്ന് പറയാന്‍ തയ്യാറാവൂ. യാഥാര്‍ഥ്യത്തിനു നിരക്കാത്ത മറ്റു പലതും സില്‍വര്‍ ലൈന്‍ പദ്ധതി രേഖയിലുണ്ട് എന്ന് താങ്കളെ പോലെ ഒരു വിദഗ്ധന്‍ പറയുന്നത് യുക്തിപരമാണോ? എന്താണ് ആ ” പലതും ‘. പദ്ധതി രേഖ എന്നത് പോസറ്റീവായ കാര്യങ്ങളും നെഗറ്റീവ് ആയ കാര്യങ്ങളും വിവിധ സാധ്യതകളും എല്ലാം ഉള്‍പ്പെടുന്നതല്ലേ? ഇത് താങ്കള്‍ക്ക് നന്നായി അറിവുള്ളതല്ലേ? 2012-2013-ല്‍ താങ്കള്‍ തയ്യാറക്കി പദ്ധതി രേഖ (DPR) യും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നില്ലേ? എന്താണ് താങ്കളുടെ നേതൃത്വത്തില്‍ തയ്യാറാക്കുമ്പോള്‍ ‘നല്ലതും ‘ മറ്റുള്ളവര്‍ തയ്യാറാക്കുമ്പോള്‍ ‘യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതും ‘ എന്നിങ്ങനെയുണ്ടോ?

നിലവില്‍ 150 വര്‍ഷങ്ങള്‍ പഴക്കമുള്ള റെയില്‍വേ ലൈനുകള്‍ മാത്രം കേരളത്തില്‍ മതിയെന്നാണോ താങ്കള്‍ പറയുന്നത്…? പുതിയ റെയില്‍ പദ്ധതികള്‍ ഒന്നും കേരളത്തില്‍ വേണ്ടേ ?

അങ്ങയേപോലുള്ളവര്‍ ഈ പദ്ധതിയെപറ്റി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണം..

ഈ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയല്ല, കേരളത്തിന്റെ രണ്ട് അറ്റത്തെയും അതിവേഗം കൂട്ടിയോജിപ്പിക്കുന്ന പദ്ധതിയാണ് .
എന്തായാലും നാടിന്റെ വികസനത്തിന് താങ്കള്‍ ഇപ്പോഴത്തെ നിലപാട് തിരുത്തി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അഡ്വ.കെ.എസ് അരുണ്‍കുമാര്‍
27 -4 -2022

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News