Tirupathi: ആംബുലന്‍സിന് കൂടുതല്‍ പണം ആവശ്യപ്പെട്ടു; പന്ത്രണ്ട് വയസ്സുകാരന്റെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കില്‍ കെട്ടിവച്ച്

സ്വന്തം മകന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേയ്‌ക്കെത്തിക്കാന്‍ മോട്ടോര്‍ സൈക്കിളിനെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ദളിത് യുവാവിന്. സര്‍ക്കാര്‍ സംവിധാനത്തില്‍ ആവശ്യത്തിന് ആംബുലന്‍സ് സര്‍വ്വീസുകള്‍ ഇല്ലാത്തതും സ്വകാര്യ ആംബുലന്‍സ് ഓപ്പറേറ്റര്‍മാര്‍ സാധാരണക്കാരില്‍ നിന്നും അമിതചാര്‍ജ് ആവശ്യപ്പെട്ടതുമാണ് ദുരവസ്ഥയ്ക്ക് കാരണം.

തിരുപ്പതി അന്നമയ്യ ജില്ലയിലെ പെനഗലൂര്‍ സ്വദേശിയായ നരസിംഹുലുവിനാണ് മകന്റെ മൃതദേഹവുമായി 100 കിലോമീറ്റര്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കേണ്ടി വന്നത്. തോട്ടം തൊഴിലാളിയായ നരസിംഹുലുവിന്റെ മകന്‍ ജെസവയെ ഞായറാഴ്ചയാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുപ്പതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പിതാവ് ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചെങ്കിലും 100 കിലോമീറ്റര്‍ ദൂരത്തിന് 20000 രൂപയാണ് നിരക്ക് പറഞ്ഞത്.

4,000 രൂപ മാത്രം മാസ വരുമാനമുള്ള നരസിംഹുലുവിന് ആംബുലന്‍സ് ചാര്‍ജ് താങ്ങാനാവാതെ വന്നതോടെ മോട്ടോര്‍ സൈക്കിളില്‍ മകന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ ആവശ്യത്തിനില്ലാത്തതാണ് സ്വകാര്യ ആംബുലന്‍സ് ഓപ്പറേറ്റര്‍മാര്‍ സാധാരണക്കാരില്‍ നിന്നും അമിതചാര്‍ജ് ഈടാക്കാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ അമിതചാര്‍ജ് ഈടാക്കുന്ന പ്രവണത പരിശോധിക്കാന്‍ അധികൃതര് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. രാജ്യത്തെ ആരോഗ്യ മേഖല വന്‍ കുതിപ്പിലാണെന്ന് പ്രധാന മന്ത്രി നിരന്തരം അവകാശവാദമുന്നയിക്കുമ്പോഴാണ് ദളിത് പിതാവിന് സ്വന്തം മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മോട്ടോര്‍ സൈക്കിളിനെ ആശ്രയിക്കേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News