Maharashtra: ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക 20% കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക 20% കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷക പ്രതിഷേധം കടുക്കുന്നു. നേരത്തെ ഗുജറാത്ത് സര്‍ക്കാരും നഷ്ടപരിഹാര തുക കുറച്ചിരുന്നു.

ദേശീയപാതാ, എക്‌സ്പ്രസ് വേ വികസനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനിടെയാണ് നഷ്ടപരിഹാര തുക കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി. നേരത്തെ ഒരു ചതുരശ്ര മീറ്ററിന്റെ വില നിശ്ചയിച്ചിരുന്നത് 800 രൂപയാണ്. ഇത് 640 രൂപയാക്കി കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. നാഗ്പൂര്‍ എക്‌സ്പ്രസ് വേ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം കുറച്ചതില്‍ ബോംബെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.

കേരളത്തില്‍ പൊന്നുംവില നല്‍കി ഭൂമി ഏറ്റെടുത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നത്. ഗെയിലിലും ദേശീയപാതാ വികസനത്തിലുമെല്ലാം അത് കേരളം അനുഭവിച്ചതാണ്. കെ റെയില്‍ പദ്ധതിയിലും രാജ്യത്തെ ഏറ്റവും മികച്ച നഷ്ടപരിഹാര പാക്കേജാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അതിനെതിരെ സമരം തുടരുന്ന കോണ്‍ഗ്രസ് കൂടി കൂട്ടുകക്ഷിയായ സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ ജനവിരുദ്ധ നീക്കം നടത്തുന്നത്.
നേരത്തെ ഗുജറാത്തിലും ബിജെപി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുക കുറച്ചിരുന്നു.

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍, നാഗ്പൂര്‍ എക്‌സ്പ്രസ് വേ പദ്ധതികളില്‍ അഞ്ചിരട്ടി തുക നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, ഇപ്പൊള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവ് നഷ്ടപരിഹാരമേ നല്‍കൂ എന്നാണ് സര്‍ക്കാര്‍ പ്രതികരണം. കര്‍ഷകരില്‍ നിന്നും ആദിവാസികളില്‍ നിന്നും ചുളുവിലയ്ക്ക് ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാരും കമ്പനികളും ശ്രമം നടത്തുന്നതിനെതിരെ പ്രതിഷേധം കടുക്കുകയാണ്. വികസന പദ്ധതികള്‍ക്കെതിരെയല്ല, ജനങ്ങളെ പറ്റിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നാണ് സിപിഐഎം പ്രതികരണം. അത് വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here