Sunil P Ilayidom: രാജ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്: സുനിൽ പി ഇളയിടം

ഇന്ത്യയെന്ന രാഷ്‌ട്രത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വർ​ഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം നടത്തുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം(sunil p ilayidom) പറഞ്ഞു. അത്യന്തം ആപൽക്കരമായ ഭീഷണിയാണ് രാജ്യം നേരിടുന്നത്.

ഇന്ത്യ(india) ഇന്നത്തെ നിലയിൽ രാജ്യമായി നിലനിൽക്കണോ വേണ്ടയോ എന്ന അടിസ്ഥാനപരമായ ചോദ്യം ഉയർന്നുവരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം പി ബിജു ന​ഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷത്തിന്റെ മതമാണ് ദേശീയത എന്ന അവബോധം സൃഷ്‌ടി‌ച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഭരണകൂട ശ്രമം. ഇതിനെ ചെറുത്തുതോൽപ്പിച്ചെ മതിയാകു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഫെഡറലിസവും ഒരു പോലെ ഭീഷണി നേരിടുന്നു.

പാർലമെന്ററി ജനാധിപത്യം എന്ന് അവകാശപ്പെടാമെങ്കിലും ഇന്ന് പാർലമെന്റിലെ നിയമനിർമാണങ്ങൾ എല്ലാം ഏകപക്ഷീയമായി നിർമിക്കപ്പെടുയകയാണ്.

കയ്യൂക്കിന്റെ പിൻബലത്തിൽ അധികാര കേന്ദ്രീകൃതം ലക്ഷ്യമാക്കിയ ഭരണ സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് നാം ഭയപ്പെടണം. ഓരോ വിഷയം ഉയർത്തിപ്പിടിച്ച് സമൂഹത്തെ എങ്ങനെ വിഭജിക്കാം എന്നാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്.

വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും പേരിലും ഈ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ മതാന്ധത പടർത്താനാണ് ശ്രമം. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെയും ഉള്ള് പൊള്ളയായി മാറുന്നു.

രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷമാക്കി അതാണ് രാജ്യത്തിന്റെ പൊതുബോധം എന്ന് സൃഷ്ടിക്കുന്നു. ഇത്തരത്തിൽ രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിച്ച് അധികാര കേന്ദ്രീകരണം നേടാൻ ആസൂത്രിത ശ്രമമാണ് നടത്തുന്നത്.

രാജ്യത്തിന്റെ ബഹുസ്വരത ഇതുവഴി ഇല്ലാതാകും. മതേതരത്വം ഇല്ലെങ്കിൽ ഇന്ത്യയും ഇല്ല. ചരിത്രത്തെ വക്രീകരിച്ചും പുതിയ ചരിത്രം രചിച്ചും ജനാധിപത്യം തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരായി ഉയർന്നു വരുന്ന പൊളിറ്റിക്കൽ ഇസ്ലാമിസം മറ്റൊരു ആപത്താണ്.

അത്തരത്തിലുള്ള തീവ്രവാദം കൊണ്ട് ഈ ദുഷ്ട ശക്തികളെ നേരിടാൻ ആവില്ല. ജനാധിപത്യപരമായ രീതിയിൽ ശക്തമായ ചെറുത്തുനിൽപ്പിന് ഈ നാട് ഉണരേണ്ടതുണ്ട്. ബഹുമുഖ സമരം ആവശ്യമാണ്.

ഡിവൈഎഫ്ഐയെ പോലുള്ള യുവജന സംഘടനകൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനുമുണ്ട്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ജീവിത പ്രശ്‌ന‌‌ങ്ങൾ പരിഹരിക്കാനും മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ ഈ വിപത്തിനെതിരെ കൂടുതൽ കരുത്തോടെ മുന്നോട്ട് വരണമെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News