M V Govindan Master : പതിനാലാം പഞ്ചവത്സരപദ്ധതി; വനിതാഘടക പദ്ധതി കാലികമായി നവീകരിക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവകേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ സ്ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക പദവി ഉയര്‍ത്തുന്നതിനായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനിതാഘടക പദ്ധതി കാലികമായി നവീകരിക്കാന്‍ തയ്യാറാവണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ( M V Govindan Master) പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആസൂത്രിതമായ ഇടപെടലുകള്‍ നടത്തുകയും സ്ത്രീകളുടെ ലിംഗപദവി ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്ന വനിതാ ഘടക പദ്ധതിയില്‍ കൂടുതല്‍ യുവതീ പ്രധാന്യം ലക്ഷ്യമിടണം.

കുടുംബശ്രീ യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ച സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ക്ക് പ്രസക്തിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍, ജെന്‍ഡര്‍ ഡെസ്‌കുകള്‍, ജാഗ്രതാ സമിതികള്‍ തുടങ്ങിയ സഹായക സംവിധാനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ രൂപീകരിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലിംഗപദവിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കുന്നതിനും, വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജന്‍സികളുടെയും ജെന്‍ഡര്‍ അനുബന്ധ ഇടപെടലുകള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തലത്തിലും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിലും റിസോഴ്‌സ് സെന്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കും.

എല്ലാതലത്തിലുമുള്ള തദ്ദേശസ്ഥാപനത്തിനും വനിതാ വികസന പ്രവര്‍ത്തനങ്ങളും, ജാഗ്രതാ സമിതി, ജിആര്‍സികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ, പരാതി പരിഹാരം, കൗണ്‍സിലിംഗ് തുടങ്ങിയവയ്ക്കും മുഴുവന്‍ കുട്ടികള്‍ക്കും ലിംഗപദവി കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം, ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാം മുതലായവയ്ക്കുമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ ജെന്‍ഡര്‍ ഡസ്‌കുകള്‍ സ്ഥാപിക്കണം.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും, അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായി വാര്‍ഡ് തലത്തിലും ഗ്രാമ-നഗര ഭരണ സ്ഥാപനങ്ങളിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണം.

വനിതാ ഘടകപദ്ധതിയുടെ നവീകരണത്തിലൂടെ സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാനുതകുന്ന വിധത്തില്‍ പദ്ധതി ഏകോപനം ഉണ്ടാവണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News